| Monday, 15th July 2019, 8:17 am

അവസാനഘട്ടത്തില്‍ സാങ്കേതിക തകരാര്‍; ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 ന്‍റെ  വിക്ഷേപണം   മാറ്റിവെച്ചു. പുലര്‍ച്ചേ 2.51 ന് നടത്താനിരുന്ന വിക്ഷേപണം 56 മിനിറ്റ് 24 സെക്കന്റ് മാത്രം ബാക്കി നില്‍ക്കെയാണ് നിര്‍ത്തിവെച്ചത്.

വിക്ഷേപണത്തിനുള്ള പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ പറഞ്ഞു. ക്രയോജനിക് ഘട്ടത്തില്‍ ഇന്ധനം നിറയക്കുന്നതുള്‍പ്പെടെയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ക്രയോജനിക് ഇന്ധനടാങ്കില്‍ ഉണ്ടായ പ്രശ്‌നമാണ് അവസാന നിമിഷം വിക്ഷേപണം മാറ്റിവെയ്ക്കാന്‍ കാരണമായത്. ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ചന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2.

978 കോടി രൂപയാണ് ദൗത്യത്തിന്റെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജി.എസ്.എല്‍.വി വിക്ഷേപണവാഹനത്തിന്റെയും ചിലവാണ്.

നേരത്തേ ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനും കുറഞ്ഞ ചെലവിലാണ് ഐ.എസ്.ആര്‍.ഒ നടത്തിയത്. ”ഗ്രാവിറ്റി” എന്ന ഹോളിവുഡ് ചിത്രത്തേക്കാള്‍ കുറഞ്ഞ ചെലവിലാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 644 കോടി രൂപയായിരുന്നു ഗ്രാവിറ്റിയുടെ ചെലവ് എങ്കില്‍ മംഗള്‍യാനു വേണ്ടി വെറും 470 കോടി രൂപയായിരുന്നു  ഇന്ത്യ ചെലവഴിച്ചത്.

നാസയുടെ അപ്പോളോ ദൗത്യത്തില്‍ നിന്നും റഷ്യയുടെ ലൂണ ദൗത്യത്തില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.

അമേരിക്കയുടേയും റഷ്യയുടേയും പര്യവേഷണവാഹനങ്ങള്‍ ഇറങ്ങിയത് ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്തായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 2-ലെ ഐ.എസ്.ആര്‍.ഒയുടെ പര്യവേഷണവാഹനം ഇറങ്ങുന്നത് ചന്ദന്റെ ദക്ഷിണധ്രുവപ്രദേശത്താണ്.

DoolNews Video

 

We use cookies to give you the best possible experience. Learn more