| Friday, 14th September 2018, 12:41 pm

'ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; പിന്നില്‍ അഞ്ച് സജീവ രാഷ്ട്രീയ നേതാക്കള്‍'; കരുണാകരന്‍ ഈ ഗൂഢാലോചനയുടെ ഇരയാണെന്നും പത്മജ വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി കെ. കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാണ് കെ. കരുണാകരനെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരേക്കസ് ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് പിന്നില്‍ അഞ്ച് സജീവ രാഷ്ട്രീയ നേതാക്കളാണ്. അച്ഛന്റെ നിരപാരധിത്വം തെളിയിക്കാന്‍ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെപ്പറ്റിയുള്ള വിവരങ്ങള്‍ ജൂഡിഷ്യല്‍ കമ്മീഷന് മുന്നില്‍ പറയാന്‍ താന്‍ തയ്യാറാണെന്നും പത്മജ പറഞ്ഞു.

അതേസമയം മൂന്ന് പൊലീസുദ്യോഗസ്ഥന്‍മാരില്‍ തീരുന്ന വിഷയമല്ല ഇതെന്നും കരുണാകരനെ മരണം വരെ വേദനിപ്പിച്ച വിഷയമായിരുന്നു ചാരക്കേസെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി


നമ്പി നാരായണനെപ്പോലെയൊരാളില്ലെങ്കില്‍ കേസിന്റെ സത്യാവസ്ഥ പുറത്ത് വരില്ലായിരുന്നു. അതേസമയം കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. മക്കള്‍ക്കും കുടുംബത്തിനും വേണ്ടിയല്ല പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിച്ചയാളാണ് പിതാവെന്നും പത്മജ പറഞ്ഞു.

അതേസമയം ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി. റിട്ട: ജസ്റ്റിസ് ഡി.കെ ജയിന്‍ അദ്ധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

We use cookies to give you the best possible experience. Learn more