ഒരു കഥ പറയാം, 1986 ലെ കഥയാണ്. ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ തങ്കമണി ഗ്രാമത്തിലൂടെ ഓടിയിരുന്നൊരു എലൈറ്റ് ബസ്സുണ്ടായിരുന്നു. കട്ടപ്പനയില്‍നിന്നും തങ്കമണി വരെയുള്ള പണം ഈടാക്കുകയും, തങ്കമണിയില്‍ പോകാതെ പാറമട കഴിയുമ്പോള്‍ ആളുകളെ ഇറക്കിവിടുകയും ചെയ്തിരുന്ന എലൈറ്റ് ദേവസ്യയുടെ ബസ്സ്. സഹികെട്ടൊരു ദിവസം നാട്ടുകാരുടക്കി. തുടര്‍ന്ന് ബസ്സിനകമ്പടി വന്ന കരുണാകരന്റെ പോലീസ് നടത്തിയ വെടിവെപ്പില്‍ കോഴിമല അവറാച്ചന്‍ എന്ന ഗ്രാമീണന്‍ കൊല്ലപ്പെടുകയും ഉടുമ്പയ്ക്കല്‍ മാത്യു എന്നയാളുടെ ഇരുകാലുകളും നഷ്ടപ്പെടുകയും ചെയ്തു.
അന്ന് രാത്രിയിലാണ് തങ്കമണിയിലെ വീടുകളില്‍ പോലീസിന്റെ കൂട്ടബലാത്സംഗം നടന്നത്. പെണ്ണുങ്ങളുടെ കുപ്പായം വലിച്ചു പറച്ച്, അവരുടെ ഉടലുകള്‍ മാന്തിക്കീറി പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.സി.തമ്പാന്‍ തന്റെ പേര് ചരിത്രത്തിലടയാളപ്പെടുത്തി. പിന്നീട് എലൈറ്റ് ദേവസ്യയെ കേരളം കുമളി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ കുപ്പായത്തില്‍ കണ്ടു, ശേഷം ടിയാന്‍ സൂര്യനെല്ലി സ്ത്രീപീഡനക്കേസിലെ മുഖ്യപ്രതികളിലൊരാളായി ഉയര്‍ന്നു.
പറഞ്ഞു വന്നത് എലൈറ്റ് ദേവസ്യയുടെ കഥയല്ല. കാക്കി കണ്ടാല്‍ പെണ്ണുങ്ങള്‍ക്ക് അടിവയറ്റില്‍ വേദന വന്നിരുന്ന കാലത്തിന്റെ കഥയാണ്. കെ.കരുണാകരന്‍ എന്ന പോലീസ് മന്ത്രിയുടെ കഥ. ചെറുപ്പക്കാരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയനാക്കിയ സഞ്ജയ് ഗാന്ധി അയാളുടെ റോള്‍മോഡലായിരുന്നു. പലരീതിയിലും അയാളത് ചെയ്തിട്ടുണ്ട്. പോലീസുകാര്‍ ചവിട്ടിയുടച്ച വൃഷണങ്ങളായുമായി കക്കയം ക്യാമ്പ് വിട്ടിറങ്ങിയ ചെറുപ്പക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ സഞ്ജയ് ഗാന്ധിയായിരുന്നു വഴി!
തങ്കമണി കേസ് കരുണാകരനെതിരെ കെട്ടിച്ചമച്ചതാണെന്നൊക്കെ കഥകളുണ്ട്. ആണെങ്കിലെന്ത് ! ഒരു തങ്കമണിയല്ല കരുണാകരനെ നരാധമനാക്കുന്നത്. ഈച്ചരവാര്യരെ ഓര്‍മ്മയില്ലേ ? കരുണാകരന് പക്ഷേ ഓര്‍മ്മയില്ല, “ഏത് ഈച്ചരവാര്യര്‍” എന്ന് മൂപ്പിലാന്‍ ചോദിച്ചിട്ടുണ്ട്. ഈച്ചരവാര്യരുടെ മകന്‍ രാജനെ പക്ഷേ കരുണാകരനോര്‍മ്മയില്ലാതിരിക്കില്ല.
കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ് കോളേജിലാ രാജന്‍, കരുണാകരനിരുന്ന ഒരു ചടങ്ങില്‍ വെച്ച് അയാളെ അവഹേളിക്കുന്ന ഗാനമവതരിപ്പിച്ചതിനാണ് രാജനെ പോലീസ് കൊണ്ടുപോയത്. കക്കയം ക്യാമ്പിന്റെ ചുമതലക്കാര്‍ സര്‍വശ്രീ ഡി.ഐ.ജി. ജയറാം പടിക്കലിനെയും പുലിക്കോടന്‍ നാരായണനെയും കേരളം മറക്കില്ല. മുഖ്യനും പോലീസേമാന്മാരും കൊന്നുകളഞ്ഞ മകനെ കാത്ത് മരിക്കുവോളം ഈച്ചരവാര്യരിരുന്നു.
ഭരണത്തിന്റെ കണക്കില്‍ മാസാമാസം ഗുരുവായൂരില്‍ പോയതു കൊണ്ടൊന്നും കുമിഞ്ഞു കൂടിയ ശാപങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കെ.കരുണാകരന് കഴിയില്ല. ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയുമ്പോള്‍ നമ്പി നാരയണന് വേണ്ടി നാം കരയേണ്ടതുണ്ട്, നാമദ്ദേഹത്തോട് ചെയ്തത് പാതകമാണ്.
പക്ഷേ ആ ഗ്യാപ്പില്‍ കരുണാകരനെ മാന്യനാക്കാന്‍ ചിലരെഴുന്നള്ളിയിട്ടുണ്ട്. ആ തട്ടിപ്പിന് തല കൊടുക്കരുത്. ഒരു ദയയും അയാള്‍ അര്‍ഹിക്കുന്നില്ല. ദീര്‍ഘ നിശ്വാസമൊന്നും വിടാതെ ഒരൊഴുക്കിന്, “ഓ ചാരക്കേസിലാരുന്നില്ല അയാള്‍ പെടേണ്ടിയിരുന്നത്, കഷ്ടമായിപ്പോയി” എന്ന് പറയാം, അത്രയേ അയാള്‍ അര്‍ഹിക്കുന്നുള്ളൂ. ചോരക്കടലുകള്‍ നീന്തിക്കടന്ന സമര്‍ത്ഥനായ ഒരഭ്യാസി കുളത്തില്‍ മുങ്ങി മരിച്ചു, അത്ര മാത്രം.
മാപ്പ് പറയുമോ കരുണാകരനോട് എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഏത് കരുണാകരനെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത് ? ജനാധിപത്യത്തെ മരവിപ്പിച്ച്, എല്ലാ മനുഷ്യാവകാശങ്ങളെയും റദ്ദ് ചെയ്ത്, പ്രതിഷേധിച്ചവരെ മര്‍ദിച്ചൊതുക്കി, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലിട്ട് പീഡിപ്പിച്ച് ഒരു തലമുറയെ ഇന്നും തീരാ രോഗങ്ങളിലൂടെ നടത്തുന്ന കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ കണ്‍കണ്ട ഫാസിസ്റ്റായ കെ.കരുണാകരനെക്കുറിച്ചു തന്നെയല്ലേ ?
അയാളാരുടെ ലീഡറാണെന്ന് നിങ്ങള്‍ക്കറിയാത്തതാണോ ? അഴിമതിയെ നിത്യോപയോഗപദമായി മലയാളിക്ക് പരിചയപ്പെടുത്തിയത് കെ.കരുണാകരനാണ്. തട്ടില്‍ എസ്റ്റേറ്റഴിമതിയില്‍ പൂട്ടിപ്പോവേണ്ടതായിരുന്നു, കുടുങ്ങിയില്ല. പാമൊയില്‍ ഇടപാടിലും പെട്ടെങ്കിലും നീന്തിക്കയറി. വലിയ ഡക്കറേഷനൊന്നും വേണ്ട, ഗ്രൂപ്പുകളികളിലൂടെയും ഉപജാപക പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ഒരു രാഷ്ട്രീയക്കാരന്‍ പടര്‍ന്നു പന്തലിക്കേണ്ടെതെന്ന് തനിക്ക് പിമ്പേ വന്നവരെ പഠിപ്പിച്ച,
കൈയ്യിട്ടു വാരികളുടെയും കള്ളന്മാരുടെയും ലീഡറാണയാള്‍. പോലീസുകാരെ ക്രിമിനല്‍വല്‍ക്കരിച്ച, തന്റെയും തന്റെ വര്‍ഗ്ഗത്തിന്റെയും പാദസേവ ചെയ്യാന്‍ പരിശീലപ്പിച്ച, എതിരെ വിധി പറഞ്ഞ ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയെ നാടുകടത്തി ജുഡീഷ്യറിയെപ്പോലും വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ മാഫിയാ രാജിന്റെ ലീഡര്‍. എതിരെ മിണ്ടിയാല്‍ നവാബിന്റെ ഗതിവരുമെന്ന് മീഡിയയെ നിരന്തരമോര്‍പ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിച്ചൊതുക്കിയ കേരള ഹിറ്റ്‌ലര്‍. അടിച്ചമര്‍ത്തപ്പെടാത്ത ഏത് ജനകീയ സമരമാണ് അയാളുടെ ഭരണകാലത്ത് നടന്നത് !
സവര്‍ണ്ണാധിപത്യത്തിന്റെ നടത്തിപ്പുകാരുടെ ലീഡറായിരുന്നു അയാള്‍. ദളിതരെ, സ്ത്രീകളെ, ആദിവാസികളെ ആരെയാണയാള്‍ വെറുതെ വിട്ടത്. ഒരു ഭരണാധികാരി എങ്ങനെയാവരുത് എന്നതിന് തലമുറകള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ള പേരാണ് കെ.കരുണാകരന്‍. കണ്ണീരിന്റെ ദയ പോലുമര്‍ഹിക്കുന്നില്ല അയാളുടെ ചാരം.