കൊച്ചി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയില്‍ കേരള മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, ഐ.ബി. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍.ബി. ശ്രീകുമാര്‍ എന്നിവരെ പ്രതി ചേര്‍ത്ത് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. പേട്ട മുന്‍ സി.ഐ. ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി.
പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കസ്റ്റഡി മരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സി.ജെ.എം. കോടതിയിലാണ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരിക്കുന്നത്.
ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മുന്‍ ഐ.ബി. ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്ത് സി.ബി.ഐ. മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പി.എസ്. ജയപ്രകാശ്, കെ.കെ. ജോഷ്വ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി ദല്‍ഹിയില്‍ നിന്ന് സി.ബി.ഐ. സംഘമെത്തും.
സിബി മാത്യൂസ്, ആര്‍.ബി. ശ്രീകുമാര്‍, സി.ഐ. ആയിരുന്ന എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നമ്പി നാരായണന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേരള പൊലീസിലെയും ഐ.ബിയിലെയും 18 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുതിയ കേസില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അന്നത്തെ പേട്ട സി.ഐ ആയിരുന്ന എസ്. വിജയന്‍ ഒന്നാം പ്രതിയും പേട്ട എസ്.ഐ. ആയിരുന്ന എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി.ആര്‍. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും ആര്‍.ബി. ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്.