ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധി. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി. റിട്ട: ജസ്റ്റിസ് ഡി.കെ ജയിന്‍ അദ്ധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാര സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
നഷ്ടപരിഹാരമല്ല, തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാണ് വേണ്ടതെന്നായിരുന്നു നമ്പി നാരായണന്റെ മുഖ്യവാദം.
1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. സിമിതിക്ക് പകരം സിബിഐ അന്വേഷണമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.