തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ഗൂഢാലോചനക്കേസില്‍ നമ്പി നാരായണനെതിരെ ഹരജി നല്‍കി പ്രതി എസ്. വിജയന്‍. നമ്പി നാരായണന്‍ പണവും ഭൂമിയും നല്‍കി സി.ബി.ഐ.-ഐ.ബി. ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് ഹരജി.
ഗൂഢാലോചന കേസ് ഉണ്ടായതിന് പിന്നില്‍ നമ്പി നാരായണന്റെ സ്വാധീനമാണെന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു. ഐ.എസ്.ആര്‍.ഒ. ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതിയാണ് എസ്. വിജയന്‍.
നമ്പി നാരായണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു, അത് കൈമാറ്റം നടത്തിയെന്നും ഹരജിയില്‍ ആരോപിക്കുന്നു. തിരുവനന്തപുരം സി.ജെ.എം. കോടതിയിലാണ് ഹരജി നല്‍കിയത്. കേസ് കോടതി നാളെ പരിഗണിക്കും.
ഐ.സ്.ആര്‍.ഒ. ചാരക്കേസില്‍ തുടക്കം മുതലുള്ള കേസ് ഡയറിയും ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ സി.ബി.ഐയോട് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസിലെ പ്രതിയായ സിബി മാത്യൂസിന്റെ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് തിരുവനന്തപുരം ജില്ലാ കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്.
ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ നല്‍കുമെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചിട്ടുണ്ട്.
ഐ.ബിയുടെ നിര്‍ദേശപ്രകാരമാണ് നമ്പി നാരായണനെയും മാലി വനിതകളെയും ചാരക്കേസില്‍ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യസ് കോടതിയില്‍ ആവര്‍ത്തിച്ചു. ചാരക്കേസ് ശരിയായ വിധം അന്വേഷിച്ചാല്‍ തെളിയുമെന്നും സി.ബി.ഐയുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുകൊട്ടിയില്‍ കളയണമെന്നും വാദത്തിനിടെ സിബി മാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസില്‍ കക്ഷി ചേര്‍ന്ന മാലി വനിതകളായ മറിയം റഷീദയും ഫാസിയ ഹസ്സനും സിബി മാത്യൂസിന്റെ ജാമ്യത്തെ എതിര്‍ത്തു. ജാമ്യ ഹരജിയില്‍ കോടതി വെള്ളിയാഴ്ച സി.ബി.ഐയുടെ വാദം കേള്‍ക്കും.