ഐ.എസ്.ആര്‍.ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല
Kerala
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th December 2012, 11:16 am

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. []

ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശം പരിഗണിച്ചുവരികയാണെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു.  ചാരക്കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

കേസില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സി.ബി.ഐയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും എന്നാല്‍ അച്ചടക്ക നടപടി വേണ്‌ടെന്നാണ് നിലവില്‍ സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, ഐഎസ്ആര്‍ഒ ചാരക്കേസില്‍ തെറ്റു ചെയ്തവര്‍ രക്ഷപെടില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.മുരളീധരന്‍ ആരോപിച്ചിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പത്മജ വേണുഗോപാലും ആവശ്യപ്പെട്ടിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ശേഷവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടികള്‍ വൈകുന്നതില്‍ വേദനയുണ്ടെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു.