| Thursday, 15th April 2021, 12:09 pm

ഐ.എസ്.ആര്‍.ഒ ചാരക്കേസ്; ജയിന്‍ സമിതി റിപ്പോര്‍ട്ട് സീല്‍വെച്ച കവറില്‍ സി.ബി.ഐക്ക് കൈമാറണം; പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച റിട്ട. ജസ്റ്റിസ് ഡി. കെ. ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറുമെന്ന് സുപ്രീം കോടതി. റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ഗൗരവമായ അന്വേഷണം തന്നെ ഇക്കാര്യത്തില്‍ വേണമെന്ന തീരുമാനത്തിലേക്കാണ് സുപ്രീം കോടതി എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നിര്‍ദേശം തന്നെയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കോടതി പരസ്യപ്പെടുത്തുന്നില്ല. ഉള്ളടക്കം പ്രസിദ്ധീകരിക്കരുത് എന്ന നിര്‍ദേശത്തോടുകൂടി ഇത് സീല്‍ കവറില്‍ തന്നെ സൂക്ഷിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ റിപ്പോര്‍ട്ട് സി.ബി.ഐ ഡയരക്ടര്‍ക്കോ സി.ബി.ഐ ആക്ടിങ് ഡയരക്ടര്‍ക്കോ ഉടന്‍ തന്നെ കൈമാറാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സി.ബി.ഐ ഇക്കാര്യത്തില്‍ നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത റിപ്പോര്‍ട്ട് അടിയന്തിരമായി സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം എടുത്തിരിക്കുന്നത്.

നേരത്തെ തന്നെ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് റിട്ട. ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. തുടര്‍ന്നാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സീല്‍വെച്ച കവറിലായിരുന്നു സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇത് പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് വേഗത്തില്‍ പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

നമ്പി നാരായണനെതിരെ എന്ത് ഗൂഢാലോചനയാണ് നടന്നതെന്ന് ഇപ്പോള്‍ കോടതി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുത് എന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നിയമപരമായി ഈ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ അന്വേഷണം നടത്തി സി.ബി.ഐക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ISRO Spy Case Supreme Court Order For CBI enquiry

We use cookies to give you the best possible experience. Learn more