| Thursday, 9th July 2015, 11:22 am

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ സുപ്രീം കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദില്ലി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സംസ്ഥാന സര്‍ക്കാരിനും സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരെ സുപ്രീംകോടതി നോട്ടീസ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്തെന്ന് സുപ്രീം കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലാതെ വിരമിക്കാന്‍ അനുവദിക്കുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. മുന്‍ ഐ.എസ്.ആര്‍.ഓ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

നേരത്തെ ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെത്‌രെ നടപടിയെടുക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ നിലപാട് തള്ളിക്കൊണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ പലരും വിരമിച്ചു, ചില ഉദ്യോഗസ്ഥര്‍ മറ്റ് തസ്തികളില്‍ പ്രവര്‍ത്തിക്കുകയാണ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയത്. സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്ത് നമ്പി നാരായണന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു 2014 ഒക്ടോബറില്‍ ഹൈക്കോടതിയുടെ തീരുമാനം.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. സിബി മാത്യൂസ്, വിജയന്‍, ജോഷ്വ തുടങ്ങിയ ഉദ്യോഗസ്ഥരായിരുന്നു ചാരക്കേസ് അന്വേഷിച്ചത്.

We use cookies to give you the best possible experience. Learn more