ചെന്നൈ: വിവാദമായ ചാരക്കേസില്‍ നമ്പി നാരായണന്റെ പേര് പറയുന്നതിനായി ക്രൂരമായ കസ്റ്റഡി പീഡനമായിരുന്നു നേരിട്ടതെന്ന് കേസില്‍ ചാരവനിതയെന്ന് ആരോപിച്ച മറിയം റഷീദ. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അവരുടെ പ്രതികരണം.
ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ സിബി മാത്യൂസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്‌റായിരുന്ന എസ്.വിജയന്‍ എന്നിവര്‍ക്കും കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കസ്റ്റഡി പീഡനത്തിന് കേസ് നല്‍കാന്‍ ഒരുങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കി.
Also Read ഐ.എസ്.ആര്‍.ഒ ചാരക്കേസ്: കരുണാകരനെ കോണ്‍ഗ്രസില്‍ നിന്നും ഇറക്കിവിടാന്‍ ഒരുകൂട്ടം ശ്രമിച്ചിരുന്നു; ആര്‍ ബാലകൃഷ്ണപിള്ള
മാലിയില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച് സമയത്താണ് തങ്ങള്‍ ഇന്ത്യയില്‍ എത്തുന്നത്. ചികിത്സക്കായി ഇന്ത്യയില്‍ എത്തിയ തന്നെയും ഫൗസിയ ഹസനെയും ക്രൂരമായിട്ടായിരുന്നു പൊലീസ് പീഡിപ്പിച്ചത്. മാലിയിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു തങ്ങള്‍ക്ക്.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്. വിജയന്‍ പാസ്‌പോര്‍ട്ട് പിടിച്ചു വെയ്ക്കുകയും 18 ദിവസത്തിന് ശേഷം അനധികൃതമായി താമസിച്ചെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊടിയ മര്‍ദ്ദനമാണ് അന്ന് തനിക്കേറ്റത്.
ചാരക്കേസില്‍ കുടുക്കിയാല്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്നായിരുന്നു വിജയന്‍ കരുതിയത്. ഐ.ബിയും ക്രൂരമായിട്ടായിരുന്നു പീഡിപ്പിച്ചത്. എന്നാല്‍ എല്ലാവരുടെയും പേരുകള്‍ തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കി.
DoolNews Video