തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണ വിധേയനായ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായ സി.പി നായര്‍. ശ്രീവാസ്തവക്കെതിരെ ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ സര്‍ക്കാരിന് അപ്പീല്‍ പോകാമായിരുന്നെന്നും എന്നാല്‍ വേണ്ടെന്നാണ് കരുണാകരന്‍ പറഞ്ഞതെന്നും സി.പി. നായര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരസിംഹറാവു ചാരക്കേസില്‍ ഇടപെട്ടെന്ന മുന്‍ റോ ഉദ്യോഗസ്ഥന്‍ രാജേഷ് പിള്ളയുടെ വെളിപ്പെടുത്തലും സി.പി നായര്‍ ശരിവെച്ചു.
‘ചാരക്കേസിന്റെ പേരില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുണാകരനെതിരെ നീക്കം നടത്തുന്ന കാലമായിരുന്നു അത്. വിധി വന്നത് ഇതിനിടെയാണ്. വിധി വന്ന ദിവസം കരുണാകരന്‍ ദല്‍ഹിയിലായിരുന്നു. വിധി വന്നാലുടന്‍ അതിന്റെ പേജുകള്‍ ടെലിപ്രിന്റര്‍ വഴി അയക്കാനായിരുന്നു എനിക്കു കിട്ടിയ നിര്‍ദേശം. അതുവായിച്ച മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം ഇതായിരുന്നു. ‘ രാവിലെ ഞാന്‍ തിരുവനന്തപുരത്തെത്തും. പത്രക്കാര്‍ ചോദിക്കുമ്പോള്‍ ശ്രീവാസ്തവ സസ്‌പെന്‍ഷനിലാണ് എന്ന് എനിക്ക് പറയാന്‍ കഴിയണം.’
രാത്രിയില്‍ ഞാനും ഒരു സെക്ഷന്‍ ഓഫീസറും മാത്രമായിരുന്നു ഓഫീസില്‍. ഐ.ജിയായിരുന്ന ശ്രീവാസ്തവയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് തയ്യാറാക്കി. അത് നേരിട്ട് നല്‍കാന്‍ ഏര്‍പ്പാടു ചെയ്തു, സി.പി നായര്‍ പറഞ്ഞു.
ശ്രീവാസ്തവയെ രക്ഷിക്കാന്‍ കരുണാകരന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ കലഹമെന്നും സി.പി. നായര്‍ പറഞ്ഞു.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണം അവസാനിച്ചത് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് റോ മുന്‍ ഉദ്യോഗസ്ഥന്‍ രാജേഷ് പിള്ളയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ അനാവശ്യമായി വലിച്ചിഴച്ചതാണെന്നും കേസ് അന്വേഷിച്ച റോയുടെ സംഘത്തിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ രാജേഷ് പിള്ള പറഞ്ഞിരുന്നു.
ചാരക്കേസ് രാഷ്ട്രീയമായും മകന്റെ രക്ഷയ്ക്കും നരസിംഹ റാവു ഉപയോഗിച്ചെന്നും വിവാദമെല്ലാം കരുണാകരന്റെ തലയില്‍ വെച്ചെന്നും ഫോക്കസ് നഷ്ടപ്പെടാതെയുള്ള അന്വേഷണം നടന്നില്ലെന്നും രാജേഷ് പിള്ള വ്യക്തമാക്കിയിരുന്നു.
റോ റാവുവിന്റെ കീഴിലായിരുന്നതിനാല്‍ എളുപ്പത്തില്‍ മാനേജ് ചെയ്യാനായെന്നും സത്യം പുറത്തുവരാനുള്ള അവസാന അവസരമാണ് ഇപ്പോഴത്തെ അന്വേഷണമെന്നും അതാണ് ഇത്രയും കാലം മിണ്ടാതിരുന്ന കാര്യം ഇപ്പോള്‍ പറയുന്നതെന്നും രാജേഷ് പിള്ള വ്യക്തമാക്കിയിരുന്നു.
നമ്പി നാരായണനടക്കമുള്ളവരെ കുരുക്കിലാക്കിയ ഗൂഢാലോചനയെപ്പറ്റി തുടരന്വേഷണത്തിന് സി.ബി.ഐക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക