| Saturday, 17th April 2021, 8:45 am

നമ്പി നാരായണനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ മകളെ കണ്‍മുന്നില്‍ വെച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ഫൗസിയ ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബമാകോ: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറുമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ നഷ്ടപരിഹാരത്തിനുള്ള ആവശ്യം വീണ്ടുമുന്നയിച്ച് ഫൗസിയ ഹസന്‍. കേസില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ടവരിലൊരാളാണ് ഫൗസിയ ഹസന്‍.

നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച റിട്ട. ജസ്റ്റിസ് ഡി.കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് ഫൗസിയ ഹസന്‍ കസ്റ്റഡിയില്‍ വെച്ച് താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് ഒരിക്കല്‍ കൂടി തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

അന്ന് രമണ്‍ ശ്രീവാസ്തവ കാണാന്‍ വന്നിരുന്നു. അദ്ദേഹം പറയുന്നത് പോലെ പറയാന്‍ പറഞ്ഞു. നമ്പി നാരായണനും ശശി കുമാറുമായി ബന്ധമുണ്ടെന്ന് പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. താന്‍ ഡോളര്‍ നല്‍കിയപ്പോള്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന് പറയാന്‍ ആവശ്യപ്പെട്ടു.

അവര്‍ എന്നെ ക്രൂരമായി അടിച്ചു. ദിവസങ്ങളോളം അവര്‍ രാത്രി എന്നെ ഉറങ്ങാതെ നിര്‍ത്തി. എന്റെ മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു. ഷൂസിട്ട് എന്റെ കാലിലും മുഖത്തും ചവിട്ടി. വിരലുകള്‍ക്കിടിയില്‍ പേനകള്‍ വെച്ച് ഞെരിച്ചു.

മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ കസ്റ്റഡിയിലേക്ക് കൊണ്ടുവരുമെന്നും എന്റെ മുന്‍പില്‍ വെച്ച് അവളെ ലൈംഗികമായി പീഡിപ്പിക്കുമെന്നും പറഞ്ഞു. അങ്ങനെ എനിക്ക് വ്യാജമൊഴി നല്‍കേണ്ടി വന്നു. ക്യാമറയ്ക്ക് മുന്‍പില്‍ വെച്ചായിരുന്നു മൊഴിയെടുത്തതെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.

നഷ്ടപരിഹാരം നല്‍കിയാല്‍ ഞാന്‍ സ്വീകരിക്കും. ചികിത്സകള്‍ക്കായി തനിക്ക് ഇപ്പോള്‍ ഒരുപാട് പണം ചെലവാകുന്നുണ്ടെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.

ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്നാണ് ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചുകൊണ്ട് അറിയിച്ചത്. ഗൗരവമായ അന്വേഷണം തന്നെ ഇക്കാര്യത്തില്‍ വേണമെന്ന തീരുമാനത്തിലേക്കാണ് സുപ്രീം കോടതി എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നിര്‍ദേശം തന്നെയാണ് കോടതി നല്‍കിയിരിക്കുന്നത്.

ജെയിന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കോടതി പരസ്യപ്പെടുത്തുന്നില്ല. ഉള്ളടക്കം പ്രസിദ്ധീകരിക്കരുത് എന്ന നിര്‍ദേശത്തോടുകൂടി ഇത് സീല്‍ കവറില്‍ തന്നെ സൂക്ഷിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ റിപ്പോര്‍ട്ട് സി.ബി.ഐ ഡയരക്ടര്‍ക്കോ സി.ബി.ഐ ആക്ടിങ് ഡയരക്ടര്‍ക്കോ ഉടന്‍ തന്നെ കൈമാറാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സി.ബി.ഐ ഇക്കാര്യത്തില്‍ നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത റിപ്പോര്‍ട്ട് അടിയന്തിരമായി സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം എടുത്തിരിക്കുന്നത്.

നേരത്തെ തന്നെ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് റിട്ട. ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. തുടര്‍ന്നാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സീല്‍വെച്ച കവറിലായിരുന്നു സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇത് പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് വേഗത്തില്‍ പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

നമ്പി നാരായണനെതിരെ എന്ത് ഗൂഢാലോചനയാണ് നടന്നതെന്ന് ഇപ്പോള്‍ കോടതി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുത് എന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നിയമപരമായി ഈ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ അന്വേഷണം നടത്തി സി.ബി.ഐക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight:  ISRO Spy case Fausiya Hassan about Raman Srivastava and Nambi Narayanan

We use cookies to give you the best possible experience. Learn more