ഉപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെ; ചന്ദ്രയാന്‍ രണ്ട് എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത്
national news
ഉപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെ; ചന്ദ്രയാന്‍ രണ്ട് എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2019, 10:24 pm

ചന്ദ്രയാന്‍ രണ്ട് പേടകം പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ ദൂരെനിന്നും എടുത്ത ചിത്രമാണ് ഐ.എസ്.ആര്‍.ഒ ട്വിറ്റര്‍ വഴി പുറത്തുവിട്ടത്.

ഈ ചിത്രത്തില്‍ അപ്പോളോ ഗര്‍ത്തവും മെര്‍ ഓറിയന്റലും കാണാം.

ചൊവ്വാഴ്ച രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്കു പ്രവേശിച്ചത്. ഇന്നലെ ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുത്തിരുന്നു.

ഇപ്പോള്‍ ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ സഞ്ചരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈമാസം 28, 30 സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പെടും. സെപ്റ്റംബര്‍ നാലിനാണ് ഇതു സംഭവിക്കുക. ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. ഏഴിന് പുലര്‍ച്ചെയാകും ചന്ദ്രനിലിറങ്ങുക.

നേരത്തേ ചന്ദ്രയാന്‍ രണ്ട് പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പേടകത്തിലെ വിക്രം എന്ന ലാന്‍ഡറിലുള്ള എല്‍ 14 ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യശ്രമത്തില്‍ നേരിട്ട സാങ്കേതികപ്പിഴവുകള്‍ തിരുത്തി ചരിത്രദൗത്യവുമായി ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് ചന്ദ്രയാന്‍ രണ്ട് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു കുതിച്ചുയര്‍ന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിയ ഏഴായിരത്തി അഞ്ഞൂറോളം പേരെ സാക്ഷിനിര്‍ത്തിയായിരുന്നു ചന്ദ്രയാന്റെ കുതിപ്പ്.