ചന്ദ്രനില്‍ 'കുടില്‍ കെട്ടാന്‍' പദ്ധതിയൊരുക്കി ഇസ്രോ
I.S.R.O
ചന്ദ്രനില്‍ 'കുടില്‍ കെട്ടാന്‍' പദ്ധതിയൊരുക്കി ഇസ്രോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th February 2018, 7:20 pm

ബംഗളൂരു: ചന്ദ്രനില്‍ “കുടില്‍ കെട്ടാന്‍” തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ. അന്റര്‍ട്ടിക്കയിലേത് പോലെ ചന്ദ്രനിലും ഒരു ഔട്ട് പോസ്റ്റ് ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് “ലൂണാര്‍ ഹാബിറ്ററ്റ്” നിര്‍മ്മിക്കുന്നത്. ചാന്ദ്രയാത്രികര്‍ക്ക് താമസിക്കാന്‍ കഴിയുന്ന വിധം ചെറിയ കുടിലുകള്‍ പോലുള്ളവയാവും ലൂണാര്‍ ഹാബിറ്ററ്റ്.

റോബോട്ടുകളെയും 3ഡി പ്രിന്ററുകളും ചന്ദ്രനിലേക്ക് അയച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യാക്കുക. ഇതിനായി അഞ്ചോളം പ്രാരംഭരൂപങ്ങള്‍ ഐ.എസ്.ആര്‍.ഓ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ട്.

ചാന്ദ്രയാത്രികര്‍ക്ക് കൂടുതല്‍ സമയം ചന്ദ്രനില്‍ തങ്ങാനും കൂടുതല്‍ സുരക്ഷിതരായിരിക്കാനും പുതിയ പദ്ധതി സഹായിക്കുമെന്ന് ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം. അണ്ണാദുരൈ പറഞ്ഞു. അമേരിക്കയും കൂടുതല്‍ ലൂണാര്‍ ഹാബിറ്ററ്റ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും വാര്‍ത്തകളുണ്ട്.

അതേ സമയം, ഐ.എസ്.ആര്‍.ഒയുടെ അടുത്ത ചാന്ദ്രദൗത്യമായ “ചാന്ദ്രയാന്‍ 2” ഈ വര്‍ഷം ഏപ്രിലോടെ വിക്ഷേപിക്കും. മറ്റ് ബഹിരാകാശ ഏജന്‍സികള്‍ ഇന്നേവരെ ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത സാഹസത്തോടെ ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. ജിഎസ്എല്‍വി മാര്‍ക്ക്-2 റോക്കറ്റിലായിരിക്കും ചാന്ദ്രയാന്‍ -2 കുതിച്ചുയരുക.