ഇന്ത്യയുടെ പ്രഥമ സൗരദൗത്യത്തിന് തുടക്കമായി; ആദിത്യ എൽ-1 വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് തുടങ്ങിയിരുന്നു.
ഇതോടെ ആഗോള തലത്തിൽ സൗരദൗത്യത്തിൽ ഏർപ്പെടുന്ന അഞ്ചാമത്തെ ബഹിരാകാശ ഏജൻസിയായി ഇസ്രോ മാറി. യൂറോപ്പ്, ജപ്പാൻ, ചൈന, യു.എസ് എന്നിവയുടെ ബഹിരാകാശ ഏജൻസികളാണ് മുമ്പ് സൗരദൗത്യം നടത്തിയിട്ടുള്ളത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ ഉപഗ്രഹമെന്ന അഭിമാനനേട്ടം ചന്ദ്രയാൻ-3 കൈവരിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഇന്ത്യ സൂര്യനിലേക്കുള്ള പേടകം വിജയകരമായി വിക്ഷേപിച്ചത്.
വിക്ഷേപിച്ച് കഴിഞ്ഞ് 64ാം മിനിറ്റിലാണ് പേടകം വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി സി57ൽ നിന്ന് പൂർണമായി വേർപെട്ടത്. നിലവിൽ ഭൂമിയിൽ നിന്ന് 648 കി.മി അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. സൂര്യന്റേയും ഭൂമിയുടേയും ആകർഷണ വലയത്തിൽ പെടാത്ത ഹാലോ ഓർബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക. ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയർത്തുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും.