| Wednesday, 4th September 2024, 5:42 pm

ഫിലാഡല്‍ഫിയ ഇടനാഴിയില്‍ നിന്നും ഇസ്രഈല്‍ പിന്മാറും: അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള ബന്ധം പുനര്‍സ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള ഉടമ്പടിയില്‍ ഫിലാഡല്‍ഫിയ ഇടനാഴിയും ഉള്‍പ്പെടുന്നുണ്ടെന്ന് യു.എസ്. ഫിലാഡല്‍ഫിയയില്‍ നിന്ന് ഇസ്രഈലി സൈന്യമായ ഐ.ഡി.എഫിനെ പിന്‍വലിക്കണമെന്ന ബന്ദി ഉടമ്പടിയിലെ നിര്‍ദേശം ഇസ്രഈല്‍ അംഗീകരിച്ചുവെന്നും അമേരിക്ക പറയുന്നു.

  • ഫിലാഡല്‍ഫിയയില്‍ നിന്ന് ഇസ്രഈല്‍ സൈന്യത്തെ പിരിച്ചുവിടേണ്ടത് അത്യാവശ്യമെന്ന് അമേരിക്ക
  • ഫിലാഡല്‍ഫിയ സുരക്ഷ ആവശ്യമുള്ള പ്രദേശമെന്ന് ഇസ്രഈല്‍
  • ഇടനാഴിയിലെ നിയന്ത്രണം തുടരുമെന്ന് ഇസ്രഈല്‍ നേരത്തെ പറഞ്ഞിരുന്നു
  • ഹമാസിന്റെ പക്ഷം ആയുധമെത്തിയാല്‍ തങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്ന് നെതന്യാഹു

ഗസ-ഈജിപ്ത് സമീപത്തുള്ള ഫിലാഡല്‍ഫിയ ഇടനാഴിയില്‍ നിന്നും സൈന്യത്തെ പിരിച്ചുവിടേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്ക പറഞ്ഞു.

‘ബ്രിഡ്ജിങ് പ്രൊപ്പോസല്‍ പ്രകാരം ജനസാന്ദ്രതയുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും ഇസ്രഈല്‍ സേനയെ നീക്കം ചെയ്യുന്നതും ഉള്‍പ്പെടുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഫിലാഡല്‍ഫിയ ഇടനാഴിയോട് ചേര്‍ന്നുള്ള പ്രദേശവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

എന്നാല്‍ ഫീലാഡല്‍ഫിയ ഇടനാഴിയില്‍ സുരക്ഷ ആവശ്യമാണെന്ന് ഇസ്രഈല്‍ പറഞ്ഞതായും വൈറ്റ് ഹൗസ് ഉന്നയിക്കുന്നുണ്ട്.

അതേസമയം സൈന്യത്തെ പിന്‍വലിക്കുന്നത് ഗസ-ഈജിപ്ത് അതിര്‍ത്തിയില്‍ നിന്നും വന്‍തോതിലുള്ള ആയുധ കൈമാറ്റത്തിനും ബന്ദികളെ കടത്തി വിടുന്നതിനും തുരങ്കം നിര്‍മിക്കുന്നതിനും കാരണമാകുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.

കൂടാതെ ഫിലാഡല്‍ഫിയ ഇടനാഴിയിലുള്ള നിയന്ത്രണം തുടരുമെന്നും ഹമാസിന്റെ പക്ഷം ആയുധമെത്തുന്നത് ഇസ്രഈലിന്റെ ഭാവിക്ക് ഉപകാരപ്രദമാവില്ലെന്നും നെതന്യാഹു വാദമുയര്‍ത്തി.

കാലങ്ങളായി ഇസ്രഈലിനും ഗസയ്ക്കുമിടയിലുള്ള നയതന്ത്രത്തെ ബാധിക്കുന്ന സ്ഥലം കൂടിയാണ് ഫിലാഡല്‍ഫിയ ഇടനാഴി. ഗസയിലേക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തുന്നത് തടയാനും കുടിയിറക്കം നിയന്തിക്കുന്നതിനുമായിരുന്നു ഇസ്രഈല്‍ ഫിലാഡല്‍ഫിയ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരുന്നത്.

1979ലെ ഈജിപ്തുമായുള്ള സമാധാന ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇസ്രഈല്‍ സായുധ സേനയുടെ നിയന്ത്രണത്തിലുള്ള ഒരു ബഫര്‍സോണാണ് ഫിലാഡല്‍ഫിയ ഇടനാഴി.

Content Highlight: isreal to withdraw from philadelphia corridor; us

We use cookies to give you the best possible experience. Learn more