| Monday, 17th May 2021, 8:07 am

ഗാസയിലെ വീടുകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍; ബോംബാക്രമണത്തില്‍ ഒറ്റ ദിവസം 42 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: ഫലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രാഈല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്.

പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു.

ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമാക്കി ഇസ്രാഈല്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്.

സാധാരണ പൗരന്മാര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഹമാസിനും ഹമാസ് പട്ടാളത്തിനുമെതിരെ മാത്രമാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രാഈലിന്റെ ന്യായീകരണം വ്യാജമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

ഞായറാഴ്ച നടത്തിയ ആക്രമണങ്ങളെല്ലാം ഇസ്രാഈല്‍ ബോധപൂര്‍വ്വം നടത്തിയതാണെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍ ഹമാസ് ഉപയോഗിച്ചിരുന്ന തുരങ്കങ്ങള്‍ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും ഇതിനിടയില്‍ പാര്‍പ്പിടങ്ങള്‍ തകര്‍ന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നുമാണ് ഇസ്രാഈലിന്റെ വാദം.

ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും ആക്രമണം ശക്തമായി തുടരുമെന്ന നിലപാടിലാണ ഇസ്രാഈല്‍. രാജ്യത്തിന്റെ സര്‍വ സന്നാഹങ്ങളും ഗാസയിലുണ്ടെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആവശ്യമുള്ള അത്രയും സമയം തങ്ങള്‍ ആക്രമണം തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പൗരന്മാരും ഫലസ്തീനികളും തമ്മില്‍ ആഭ്യന്തര കലാപം രൂക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Isreal started attacking houses in Gaza, Palestine killing 42 people in a day

We use cookies to give you the best possible experience. Learn more