ഫലസ്തീനുകാര്‍ എന്തിനാണ് വെറുതെ മരിക്കുന്നത് ?
israel attack
ഫലസ്തീനുകാര്‍ എന്തിനാണ് വെറുതെ മരിക്കുന്നത് ?
ഫാറൂഖ്
Wednesday, 19th May 2021, 11:39 am
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ എന്നെങ്കിലും സൂര്യന്‍ അസ്തമിക്കുമെന്ന് ആരും കരുതിയിരുന്നില്ല. 'പട്ടനും കിട്ടനും നായരും നമ്പൂരിക്ക് നാടുഭരിക്കാന്‍ കിട്ടിയാല്‍ കഷ്ടപ്പാട് ഇതെന്ന് തീരുമോ' എന്ന് തുടങ്ങുന്ന ഒരു പാട്ട് തന്നെ പ്രചാരത്തിലുണ്ടായിരുന്നു ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്നവരുടെ ഇടയില്‍.

ഫലസ്തീനികള്‍ ഏതെങ്കിലും വീടിന്റെയോ ഹോട്ടലിന്റെയോ മേല്‍ക്കൂരയില്‍ നിന്ന് ഇസ്രാഈലിന് നേരെ ഒരു റോക്കറ്റ് അയക്കും. പത്ത് റോക്കറ്റ് വിട്ടാല്‍ ഒന്ന് ഇസ്രാഈലിലെത്തും, ബാക്കി ഒന്‍പതെണ്ണം ഇസ്രാഈലി സൈന്യം തടുക്കും. അതിനിടയില്‍, റോക്കറ്റ് തൊടുക്കുന്ന സ്ഥലം കൃത്യമായി ഇസ്രാഈലി സാറ്റലൈറ്റുകളിലൊ ഡ്രോണുകളിലോ പതിയും.

അതിനത്ര വലിയ സാങ്കേതിക വിദ്യയൊന്നും വേണ്ട, കേരള പൊലീസിനും പറ്റും. ഇങ്ങനെ കണ്ടുപിടിക്കുന്ന സ്ഥലത്തു കൃത്യമായി ഇസ്രാഈലി വിമാനങ്ങള്‍ ബോംബിടും. ചുരുക്കി പറഞ്ഞാല്‍ ഒരു ഇസ്രാഈലി മരിക്കുമ്പോള്‍ പത്തു ഫലസ്തീന്‍കാര്‍ മരിക്കും. ഈ നഷ്ടക്കച്ചവടത്തിന് എന്തിനാണ് ഫലസ്തീന്‍കാര്‍ പോവുന്നത്. ഈയടുത്ത കേട്ട ചോദ്യങ്ങളിലൊന്നാണ്.

നമ്മുടെ ചരിത്ര പഠനത്തിന് അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളുണ്ട്. ഒന്നാമതായി, ചരിത്രത്തോട് താല്പര്യമുള്ള ആരുമല്ല ചരിത്രം പഠിക്കാന്‍ കോളേജില്‍ പോവുന്നത്. മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കിട്ടാതെ, വെറ്റിനറിയോ അഗ്രിക്കള്‍ച്ചറോ കിട്ടാതെ, കോളേജില്‍ സയന്‍സ് സബ്‌ജെക്ട് പോലും കിട്ടാതെ വരുമ്പോള്‍ എന്തെങ്കിലും ഡിഗ്രി വേണമെന്ന് വച്ചാണ് മിക്കവരും ചരിത്രം പഠിക്കുന്നത്.

അക്കൂട്ടത്തില്‍ മിക്കവരും പി.എസ്.സി എഴുതിയോ എഴുതാതെയോ ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത ജോലിക്ക് പോവും. പിന്നീട് ചരിത്രം എഴുതുകയും വായിക്കുകയുമൊക്കെ ചെയ്യുന്നത് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പത്രക്കാരുമൊക്കെയാണ്.

ഇങ്ങനെ ചരിത്രം പഠിക്കാത്തവരില്‍ നിന്ന് ചരിത്രം കേള്‍ക്കുന്നതിന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ചരിത്രത്തിന് മാത്രമല്ല, എല്ലാ വിഷയങ്ങള്‍ക്കും ഈ പ്രശ്‌നമുണ്ട്. ഉദാഹരണത്തിന് മോട്ടോര്‍ സൈക്കിള്‍ എഞ്ചിന്‍ വച്ച് വിമാനത്തിന്റെ മാതൃക ഉണ്ടാക്കുന്നയാളെപ്പറ്റി നമ്മള്‍ പറയുക ശാസ്ത്രജ്ഞനാണ് എന്നാണ്.

സയന്‍സും ടെക്‌നോളജിയും തമ്മിലുള്ള വ്യത്യാസം ഒരിക്കലും മനസ്സിലാവാത്തവരാണ് നമ്മള്‍. അല്ലെങ്കില്‍, നമ്മള്‍ സാധാരണക്കാരൊക്കെ വിചാരിക്കുന്നത് വാക്സിനും മരുന്നുമൊക്ക കണ്ടുപിടിക്കുന്നത് ഡോക്ടര്‍മാരാണ് എന്നാണ്. അല്ലെങ്കില്‍ മഹാമാരി വ്യാപനം വിശകലനം ചെയ്യേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണ് എന്നാണ്.

ചരിത്രത്തിലേക്ക് തിരിച്ചു വരാം.

ചരിത്രം പഠിക്കാത്തവരില്‍ നിന്ന് ചരിത്രം കേള്‍ക്കുന്ന നമ്മള്‍ സാധാരണ സംഭവങ്ങളെ ചരിത്രമായി തെറ്റിദ്ധരിക്കുന്നതാണ് ഒന്നാമത്തെ പ്രശനം, നമ്മുടെ ജീവിതകാലവുമായി ബന്ധപ്പെടുത്തി ചരിത്രത്തെ വായിക്കുന്നതാണ് രണ്ടാമത്തെ പ്രശനം.

പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് ഒരു ചരിത്ര സംഭവമാണ് എന്നാണ് നമ്മുടെ പത്രക്കാരൊക്കെ പറയുക. നമ്മുടെ ജീവിതകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതൊരു ചരിത്രമാണ്. അറുപതോ എഴുപതോ എഴുപതോ കൊല്ലം പരമാവധി ജീവിക്കുന്ന ഒരു മലയാളി ജീവചരിത്രമെഴുതുമ്പോള്‍ പത്തു കൊല്ലം ഭരിച്ച ഒരു മുഖ്യമന്ത്രിക്ക് അതില്‍ ഇടമുണ്ടാവും. പക്ഷെ, നൂറോ ഇരുന്നൂറ് കൊല്ലം കഴിഞ്ഞു കേരള ചരിത്രം എഴുതുന്ന ഒരാള്‍ക്ക് പിണറായിയുടെ രണ്ടാം വരവിന് എന്ത് പ്രാധാന്യമാണ് കൊടുക്കാന്‍ കഴിയുക. പ്രത്യേകിച്ച് ഒന്നുമില്ല.

ചരിത്രം പശ്ചാത്തലമില്ലാതെ മനസ്സിലാക്കുമ്പോഴും നമ്മള്‍ ഇതേ തെറ്റ് വരുത്തും. ബ്രിട്ടീഷുകാരുമായുള്ള ഇന്ത്യയുടെ പോരാട്ടം നാനൂറു കൊല്ലത്തോളം നീണ്ടു നിന്നു, സൗത്ത് ആഫ്രിക്കയില്‍ വര്‍ണ വിവേചനത്തിനെതിരെയുള്ള പോരാട്ടം ഇരുന്നൂറു കൊല്ലത്തോളം നീണ്ടുനിന്നു എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനോ ഇക്കാലത്തെ പോരാട്ടങ്ങളെ ആ ഒരു ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്താനോ നമുക്ക് കഴിയാറില്ല. നമുക്ക് ചരിത്രം കുറെ സംഭവങ്ങളാണ്, പശ്ചാത്തലമോ വിശാലമായ കാന്‍വാസോ ഇല്ലാത്ത കുറെ സംഭവങ്ങള്‍.

എല്ലാവര്‍ക്കും മനസ്സിലാവില്ല എന്നല്ല. മനസ്സിലാവുന്നവരും ഉണ്ട്. നെല്‍സണ്‍ മണ്ടേല ജയിലില്‍ കിടക്കുമ്പോള്‍ കേരളത്തില്‍ മണ്ടേലയെ മോചിപ്പിക്കണം എന്ന് പറഞ്ഞു കോളേജിലൊക്കെ പ്രകടനങ്ങള്‍ നടക്കാറുണ്ടായിരുന്നു. 1986 ല്‍ ഇറങ്ങിയ ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ ഫ്രീ ഫ്രീ നെല്‍സണ്‍ മണ്ടേല എന്ന മുദ്രാവാക്യം വിളിച്ചു യുവാക്കള്‍ തെരുവ് നാടകം കളിക്കുന്ന ഒരു രംഗമുണ്ട്.

ജോണ്‍ എബ്രഹാം മരിച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ടേല സൗത്ത് ആഫ്രിക്കന്‍ പ്രസിഡണ്ട് ആവുന്നത്. വിയറ്റ്‌നാം യുദ്ധത്തിന്റെ സമയത്തും കൊറിയന്‍ യുദ്ധത്തിന്റെ സമയത്തുമൊക്ക ഇങ്ങനെ ലോകം മുഴുവന്‍ പ്രകടനങ്ങളുണ്ടായിരുന്നു. വിയറ്റ്‌നാംകാര്‍ അമേരിക്കയെ തോല്‍പ്പിക്കുമെന്ന് അന്നാരും കരുതിയിരുന്നില്ല.

ആ നിലക്ക് നോക്കുമ്പോള്‍ ഫലസ്തീന്‍കാരുടെ പോരാട്ടം അതിന്റെ പ്രാരംഭഘട്ടത്തിലാണ്. വെറും അറുപതോ അറുപത്തഞ്ചോ കൊല്ലം മാത്രം പ്രായമുള്ള ഒരു പോരാട്ടം. നമ്മള്‍ പഠിച്ച ചരിത്രം വച്ച് നോക്കുമ്പോള്‍ ലോകത്ത് ഇതുവരെ നടന്ന അധിനിവേശ പോരാട്ടങ്ങളൊന്നും വിജയിക്കാതെ പോയിട്ടില്ല. പക്ഷെ സമയമെടുക്കും, നൂറോ ഇരുന്നൂറോ കൊല്ലം. നമുക്ക് അതൊരു വലിയ കാലമാണെങ്കിലും ഒരു രാജ്യത്തിന് അത് വളരെ ചെറിയ കാലമാണ്.

ഫലസ്തീന്‍കാര്‍ ജയിക്കാനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്. ഇവിടെയാണ് ചരിത്രം മനസ്സിലാക്കുന്നതിലുള്ള നമ്മുടെ മറ്റൊരു പരാജയം. നമ്മള്‍ കാണുന്ന ശക്തന്മാര്‍ക്കൊക്കെ ലോകാവസാനം വരെ ശക്തി ഉണ്ടായിരിക്കും എന്ന ബോധ്യത്തിലാണ് നമ്മള്‍ ചരിത്രത്തെ വിലയിരുത്തുക. ആ രീതിയിലാണ് നമ്മുടെ തലച്ചോര്‍.

വെറും മുപ്പത് വര്‍ഷം മുമ്പ് ചൈന എന്നെങ്കിലും ഒരു വന്‍ ശക്തിയാവുമെന്ന് പ്രതീക്ഷിച്ച ആരും ഉണ്ടായിരുന്നില്ല. ഹിറ്റ്‌ലര്‍ ഒരിക്കലും പരാജയപ്പെടില്ല എന്ന ഉറച്ച ബോധ്യത്തിലാണ് നമ്മുടെ നാട്ടിലെ ആര്‍.എസ്.എസുകാരൊക്കെ ഹിറ്റ്‌ലറെയും മുസ്സോളനിയെയുക്കെ ആരാധിച്ചതും കാണാന്‍ പോയതുമൊക്കെ.

സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ എന്നെങ്കിലും സൂര്യന്‍ അസ്തമിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ‘പട്ടനും കിട്ടനും നായരും നമ്പൂരിക്ക് നാടുഭരിക്കാന്‍ കിട്ടിയാല്‍ കഷ്ടപ്പാട് ഇതെന്ന് തീരുമോ’ എന്ന് തുടങ്ങുന്ന ഒരു പാട്ട് തന്നെ പ്രചാരത്തിലുണ്ടായിരുന്നു ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്നവരുടെ ഇടയില്‍.

വിദ്യാഭ്യാസവും സമ്പത്തും ആയുധങ്ങളും സ്വാധീനവും ഒക്കെയുള്ള ബ്രിട്ടീഷുകാരെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ബോധ്യത്തില്‍ ജീവിച്ചു മരിച്ച ഒരുപാട് പേരുണ്ടായിരുന്നു ഇന്ത്യയില്‍.

ഇസ്രാഈല്‍ ഒരു വന്‍ ശക്തിയല്ല. വിയറ്റ്‌നാംകാര്‍ക്ക് അമേരിക്ക പോലെയോ ഇന്ത്യക്ക് ബ്രിട്ടന്‍ പോലെയോ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയാത്തവര്‍ എന്ന് തോന്നാന്‍ മാത്രം വലിപ്പം ഇസ്രാഈലിനില്ല. വെറും 400 ബില്യണ്‍ ഡോളര്‍ ജി.ഡി.പി ഉള്ള ഒരു രാജ്യമാണ് ഇസ്രാഈല്‍.

ഇസ്രാഈലിന്റെ ശക്തി അമേരിക്കയാണ്. അമേരിക്ക കൂടെയുണ്ടാകുമ്പോള്‍ യൂറോപ്പും കൂടെയുണ്ട് എന്ന് നടിക്കുന്നതാണ്. യൂറോപ്പില്‍ ആന്റി-സെമിറ്റിക് നിയമങ്ങള്‍ കര്‍ശനമായത് കൊണ്ട് മാത്രം ഇസ്രാഈല്‍ വിരോധം പുറത്തു വരാത്തതാണ്. ഹിറ്റ്‌ലര്‍ അനുകൂലികള്‍ക്ക് ഒരു കുറവുമില്ല യൂറോപ്പില്‍.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന്റെ തൊട്ടടുത്തെത്തിയ ബെര്‍ണി സാണ്ടേഴ്‌സിനെ പോലെ പലരും ഫലസ്തീന്‍ അനുകൂലികളുണ്ട്. അവരിലാരെങ്കിലും ഭാവിയില്‍ പ്രസിഡണ്ട് ആയിക്കൂടെന്നില്ല. ആര് പ്രസിഡന്റ് ആയാലും അവരെ നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള ശക്തമായ ജൂത ലോബി ഇപ്പോള്‍ അമേരിക്കയിലുണ്ട്. അവര്‍ എല്ലാ കാലത്തുമുണ്ടാകില്ല. കാരണം രാഷ്ട്രീയമല്ല, കല്യാണമാണ്.

ജൂതന്മാര്‍ ഒരു മതം എന്ന നിലയിലല്ല സ്വയം കാണുന്നത്, ഒരു വംശം എന്ന നിലയിലാണ്. വംശങ്ങള്‍ നില നില്‍ക്കുന്നത് ഒരേ വംശത്തിലുള്ളവര്‍ കല്യാണം കഴിച്ചു അതെ വംശത്തിലുള്ള കുട്ടികളുണ്ടാവുമ്പോഴാണ്. അമേരിക്കയും യൂറോപ്പും വിവാഹം എന്ന രീതി പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.

പരസ്പരം ഇഷ്ടപ്പെട്ടവര്‍ കൂടെ താമസിക്കുകയും അവര്‍ക്ക് കുട്ടികളുണ്ടാകുകയും ചെയ്യുന്നതാണ് രീതി. അതില്‍ മതവും വംശവും ഒരു ഘടകവുമല്ല. മിക്കവരും കോളേജില്‍ വച്ചാണ് ഇണയെ കണ്ടെത്തുന്നത്. കോളേജുകളില്‍ മതവും വംശവും അങ്ങേയറ്റം അപ്രസക്തമാണ്.

അമേരിക്കയിലെയും യൂറോപ്പിലെയും ജൂതന്മാരുടെ മക്കള്‍ മുഴുവന്‍ ഇണകളാക്കിയിരിക്കുന്നത് ക്രിസ്ത്യനികളെയോ മുസ്‌ലീങ്ങളെയോ മതമെന്തെന്ന് അറിയാത്തവരെയൊക്കെയോ ആണ്. പ്രശസ്ത ജൂതന്മാരെയും അവരുടെ മക്കളെയും പറ്റി ഒരു ഗൂഗിള്‍ സെര്‍ച്ച് നടത്തിയാല്‍ മതി വിശദമായി മനസ്സിലാക്കാന്‍. ഇതേ കാരണം കൊണ്ടാണ് അമേരിക്കയിലെയും യൂറോപ്പിലെയും സിനഗോഗുകളും ചര്‍ച്ചകളും മുഴുവന്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

മൂന്നോ നാലോ തലമുറ കഴിയുമ്പോള്‍ ജൂത ലോബി പോയിട്ട് ജൂതന്മാര്‍ തന്നെയുണ്ടാവില്ല, അതാണ് രാഷ്ട്രീയമല്ല, കല്യാണമാണ് കാരണം എന്ന് പറഞ്ഞത്.

നിങ്ങള്‍ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്ന ആളാണെങ്കില്‍ കോട്ടകള്‍ കാണാതിരുന്നിട്ടുണ്ടാവില്ല. ടൂറിസ്റ്റു ഗൈഡുമാര്‍ നമ്മോടു പറയും ഈ രാജാവ് ഇത്രകാലം ഈ കോട്ടയിലിരുന്ന് പൊരുതി, ആ സാമ്രാജ്യം ഈ കോട്ടയിലിരുന്ന് പീരങ്കി കൊണ്ട് ശത്രുക്കളെ തുരത്തി എന്നൊക്കെ. അവസാനം ഈ കോട്ടകളൊക്കെ കീഴടക്കപ്പെട്ടിട്ടുണ്ട്, ചിലപ്പോള്‍ നൂറു കൊല്ലം, ചിലപ്പോള്‍ അഞ്ഞൂറ് കൊല്ലം ഒക്കെ കഴിഞ്ഞാണെന്ന് മാത്രം.

കോട്ട എന്നത് സുരക്ഷയല്ല, ചരിത്രം പഠിക്കുന്നവര്‍ മനസ്സിലാക്കുന്നത് അതൊരു കെണിയാണ് എന്നാണ്. എല്ലാവരും ചിന്തിക്കുന്നത് ഇസ്രാഈല്‍ ശക്തമായ ഒരു കോട്ടക്കുള്ളിലാണ് എന്നാണ്, സത്യത്തില്‍ അവര്‍ ഒരു കെണിയിലാണ്. ഇസ്രാഈല്‍ക്കാര്‍ ബുദ്ധിയുള്ളവരായത് കൊണ്ട് അവര്‍ക്കതറിയാം, അത് അവസാനം പറയാം.

അതാണ് നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ ഫലസ്തീനി മരണങ്ങളുടെ ലോജിക്. ഇസ്രാഈല്‍ വലിയൊരു കോട്ടയാണ്. ആ കോട്ട സ്ഥാപിച്ചിരിക്കുന്നത് ഫലസ്തീനികളുടെ മണ്ണിലാണ്. അവരാ കോട്ട ആക്രമിച്ചു കൊണ്ടേയിരിക്കും. കോട്ടക്കുള്ളിലുള്ളവര്‍ പീരങ്കിയുണ്ടകള്‍ കൊണ്ട് തിരിച്ചടിക്കും. അമ്പതോ നൂറോ ഇരുന്നൂറോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കോട്ട പോളിയും. അതാണ് ചരിത്രം.

അത് ഫലസ്തീനികള്‍ക്കും ഇസ്രാഈലുകാര്‍ക്കും അറിയാം. അതിന് കൊടുക്കേണ്ട വിലയാണ് മനുഷ്യ ജീവനുകള്‍. അതവര്‍ക്ക് പ്രശ്‌നമല്ല. ഫലസ്തീനി മാതാക്കള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് യുദ്ധം ചെയ്യാനാണ്, മരണം അതിന്റെ കൂടെ സ്വാഭാവികമായി വരുന്നതാണെന്ന് അമ്മയ്ക്കും കുഞ്ഞിനും അറിയാം. അതിലവര്‍ക്ക് ദു:ഖമില്ല.

അല്ലെങ്കിലും, ഒരു മരണം ദുരന്തവും ഒരു മില്യണ്‍ മരണം സ്റ്റാറ്റിറ്റിക്സും ആണെന്ന് സ്റ്റാലിന്‍ പറഞ്ഞിട്ടുണ്ട്. അയ്യായിരത്തിനടുത്ത് ആളുകള്‍ ദിവസം കൊവിഡ് ബാധിച്ചു മരിക്കുന്നുണ്ട് ഇന്ത്യയില്‍, പക്ഷെ അത് ലോക നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ തീരെ കുറവാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

മരണത്തെ പറ്റി സ്റ്റാലിന്‍ പറഞ്ഞത് വിശദീകരിക്കാന്‍ കൊവിഡ് കണക്ക് പറഞ്ഞെന്നേയുള്ളൂ. നൂറോ ആയിരമോ ലക്ഷമോ മരണങ്ങള്‍ ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ നീളുന്ന യുദ്ധത്തിന്റെ വില.

ഇക്കാര്യങ്ങളൊക്കെ ഇസ്രാഈലുകാര്‍ക്കും അറിയാം. ജൂതന്മാര്‍ക്കുള്ള ചരിത്രബോധം മറ്റാര്‍ക്കുമില്ല. രണ്ടായിരം കൊല്ലത്തെ ചരിത്രം ഏതു ജൂതനും നിന്ന നില്‍പ്പില്‍ പറയും. നമ്മള്‍ ഗുണന പട്ടിക പഠിക്കുന്ന സമയത്ത് ജൂതന്മാര്‍ ചരിത്രമാണ് പഠിക്കുന്നത്. എന്താണവരുടെ പ്ലാന്‍ ?

ഇസ്രാഈലുകാര്‍ക്കറിയാം ഈ പ്രശനം രണ്ടു രീതിയിലെ തീരൂ എന്ന്. ഒന്ന് ദക്ഷിണാഫ്രിക്കന്‍ രീതിയില്‍, രണ്ട് ഇന്ത്യന്‍ രീതിയില്‍.

ദക്ഷിണാഫ്രിക്കന്‍ രീതി എന്ന് പറഞ്ഞാല്‍, വെള്ളക്കാര്‍ക്ക് മാത്രം വോട്ടവകാശം എന്നത് മാറ്റി എല്ലാവര്‍ക്കും വോട്ടവകാശം കൊടുത്ത് പ്രശനം തീര്‍ക്കുക. നിലവില്‍ ഇസ്രാഈല്‍ നിയന്ത്രിക്കുന്ന വെസ്റ്റ് ബാങ്ക്, ഗാസ, ഗോലാന്‍ കുന്നുകളുടെ ചില ഭാഗങ്ങള്‍ തുടങ്ങി എല്ലാ സ്ഥലത്തും താമസിക്കുന്നവര്‍ക്കും തുല്യ വോട്ടവകാശം. അത് സമ്മതിച്ചാല്‍ ഇസ്രാഈല്‍ ജൂത രാഷ്ട്രം അല്ലാതാവും എന്ന് മാത്രമല്ല, ഒരു ജൂതന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ആവാനുള്ള സാധ്യത ഒരു മുസ്‌ലീം ഇന്ത്യന്‍ പ്രധാനമന്ത്രി ആവുന്നതിന് തുല്യമാകും. അതേതായാലും ഇസ്രാഈലിന് സമ്മതമല്ല.

ഇന്ത്യന്‍ രീതി എന്നാല്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് പോലെ, 1948 നു ശേഷം പുറമെ നിന്ന് വന്ന ജൂതന്മാര്‍ കൂടും കുടുക്കയും എടുത്ത് സ്ഥലം വിടണം, നമ്മുടെ എന്‍.ആര്‍.സി പോലെ. അതും സമ്മതിക്കാന്‍ പറ്റില്ല. കാരണം അടുത്ത കാലത്തു കുടിയേറിയ കുറച്ചു പേര്‍ ഒഴിച്ച് ബാക്കിയെല്ലാവരും ഇസ്രാഈലില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ്. മിക്കവരുടെയും മാതാപിതാക്കളും അവിടെ തന്നെ ജനിച്ചവരാണ്. അവര്‍ക്ക് പോകാന്‍ വേറെ സ്ഥലമില്ല.

ഇത് രണ്ടും നടക്കാത്ത സ്ഥിതിക്ക് ഒരു പരിഹാരമേ ഉള്ളൂ. ഫലസ്തീനികള്‍ക്ക് ഒരു രാജ്യം, ജൂതന്മാര്‍ക്ക് മറ്റൊന്ന്. എന്ന് പറഞ്ഞാല്‍ 1967 ഇല്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ ഭാഗങ്ങള്‍ വിട്ടു കൊടുത്തു ഫലസ്തീനികളെ ഒരു രാജ്യമുണ്ടാക്കാന്‍ സമ്മതിക്കുക, ബാക്കിയുള്ളിടത്തേക്ക് ഇസ്രാഈല്‍ ഒതുങ്ങുക. ഇസ്രാഈലിന് ഇത് സമ്മതമാണ്, അവരത് ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ 2000 ഇല്‍ നടന്ന ക്യാമ്പ് ഡേവിഡ് ചര്‍ച്ചയില്‍ സമ്മതിച്ചതുമാണ്. വിശദാംശങ്ങളില്‍ മാത്രമായിരുന്നു തര്‍ക്കം. ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയത് ഫലസ്തീന്‍കാരാണ്.

തര്‍ക്കങ്ങളില്‍ ഒന്നാമത്തേത് ഇസ്രാഈല്‍ അധിനിവേശത്തില്‍ രാജ്യം വിട്ടു പോയി വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഫലസ്തീന്‍കാര്‍ക്ക് തിരിച്ചു വരാനുള്ള അവകാശം കൊടുക്കണം എന്ന അറഫാത്തിന്റെ ആവശ്യമായിരുന്നു. ഇങ്ങനെ നാല്‍പത് ലക്ഷത്തോളം പേരുണ്ട്, അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ തിരിച്ചു വരാനുള്ള അവകാശം കരാറില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. നിലവില്‍ ഇസ്രാഈല്‍ ഭരണഘടനയില്‍ ലോകത്തെവിടെയുമുള്ള ജൂതന്മാര്‍ക്ക് ഇസ്രാഈലിലേക്ക് വരാനുള്ള അവകാശമുണ്ട്.

അതിനു മറുപടിയായി ഇസ്രാഈല്‍ പറഞ്ഞത് ഒരു ലക്ഷം പേര്‍ക്ക് തിരിച്ചു വരാനുള്ള അവകാശം കൊടുക്കാമെന്നും, ബാക്കിയുള്ളവര്‍ക്ക് നഷ്ടപരിഹാരമായി 30 ബില്യണ്‍ ഡോളര്‍ കൊടുക്കാമെന്നുമായിരുന്നു. രണ്ടാമത്തെ പ്രധാന തര്‍ക്കം കിഴക്കന്‍ ജെറുസലേമിന്റെ അവകാശത്തെ സമ്പാദിച്ചായിരുന്നു. ജെറുസലേമില്‍ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും താമസിക്കുന്ന ഭാഗങ്ങളും മസ്ജിദുല്‍ അഖ്സ ഉള്‍പ്പെടുന്ന ഭാഗങ്ങളും തങ്ങള്‍ക്ക് വേണമെന്ന് ഫലസ്തീന്‍കാരും പറ്റില്ല എന്ന് ഇസ്രാഈല്‍ക്കാരും പറഞ്ഞതോടെ ചര്‍ച്ച അവസാനിച്ചു.

രാജ്യമില്ലാത്ത ഞങ്ങള്‍ക്ക് സമാധാനമല്ല രാജ്യമാണ് ആവശ്യം എന്നും, നിങ്ങള്‍ക്ക് സമാധാനം വേണമെങ്കില്‍ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്‌തോളൂ എന്നും ഇസ്രാഈലി പ്രതിനിധികളോട് പറഞ്ഞാണ് യാസര്‍ അറഫാത്ത് ഇറങ്ങി പോന്നത്. ലോകത്ത് മറ്റൊരിടത്തും സമാധാനം കിട്ടാത്തത് കൊണ്ടാണ് ജൂതന്മാര്‍ ഇസ്രാഈലില്‍ വന്നത്. അവര്‍ സത്യത്തില്‍ സമാധാനം ആഗ്രഹിക്കുന്നുണ്ട്. ക്ലിന്റന്റെ നിര്‍ദേശങ്ങള്‍ ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റിന്റെ മേശപ്പുറത്തുണ്ട്. അതൊന്നു പൊടി തട്ടിയെടുത്ത് കിഴക്കന്‍ ജെറുസലേമും ചേര്‍ത്ത് ഫലസ്തീനികള്‍ക്ക് ഒരു രാജ്യം കൊടുത്താല്‍ ഈ പ്രശ്‌നങ്ങള്‍ തീരും.

അധിനിവേശങ്ങളുടെ ചരിത്രം വച്ച് നോക്കുമ്പോള്‍ അത് ഏതായാലും സംഭവിക്കും. ചരിത്രം ചാക്രികമാണ്. എത്ര കാലം കഴിഞ്ഞു സംഭവിക്കും എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അതുവരെ, ഫലസ്തീനികളും ഇസ്രാഈലികളും പോരാടികൊണ്ടേയിരിക്കും. ഒരു കൂട്ടര്‍ രാജ്യത്തിനും മറ്റവര്‍ സമാധാനത്തിനും. രണ്ടു കൂട്ടരും രാജ്യവും സമാധാനവും അര്‍ഹിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

(ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം)

Content Highlight: Isreal Palestine Farooq Writes

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ