ജറുസലേം: ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദ [fauda] യുടെ മൂന്നാം സീസണ്‍ തുടങ്ങിയിരിക്കുന്നു. ഇസ്രഈലിന്റെ തീവ്രവാദ വിരുദ്ധ സേന ഫലസ്തീനില്‍ നടത്തിയ ഓപ്പറേഷന്‍സിന്റെ കഥ പറയുന്ന ഫോദ ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.
റിലീസിനു മുമ്പേ തന്നെ ഫോദയുടെ വന്‍ പോസ്റ്ററുകളാണ് ഇസ്രഈലില്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്രഈലില്‍ ഏറ്റവും പ്രശസ്തമായ സീരീസാണ് ഫോദ. എന്നാല്‍ അതിനൊപ്പം തന്നെ വിവാദങ്ങളും അലയടിക്കുന്നുണ്ട്.
ആഗോള തലത്തില്‍ ആരാധകരെ സൃഷ്ടിച്ച ഫോദ സീരീസ് ഫല്‌സതീനെതിരെയുള്ള ഇസ്രഈല്‍ സൈന്യത്തിന്റെയും ഇന്റലിജന്‍സ് വകുപ്പിന്റെയും നീക്കങ്ങളാണ് പ്രമേയമാക്കുന്നത്.
ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരമായ സൈനിക നടപടികളെ മഹത്വ വല്‍ക്കരിക്കുന്നതാണ് ഫോദ എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം.
ഗാസയിലെ ഇരുപത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ വേദനകളെ വിനോദവല്‍ക്കരിക്കുന്നു എന്നും ഇവര്‍ ആരോപിക്കുന്നു.
സ്വന്തം മണ്ണില്‍ ജനിച്ചവരെ തന്നെ തീവ്രവാദികളായി കാണിക്കുന്ന സീരീസാണ് ഫോദ എന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകയായ ഒര്‍ലി നോയ് വിമര്‍ശിക്കുന്നത്.
എന്നാല്‍ അതിനൊപ്പം ഫോദയെ അനുകൂലിച്ചു കൊണ്ടുള്ള മറു വാദങ്ങളും ഉണ്ട്. ഒരു പ്രശ്‌നത്തില്‍ അതിന്റെ മറുവശമുണ്ടെന്നും അവിടെയുള്ള മനുഷ്യരെ കാണിക്കുകയാണ് ഷോ ചെയ്യുന്നത് എന്നാണ് ഒരു പ്രധാന വാദം.
എന്നാല്‍ അപ്പോള്‍ പോലും വര്‍ഷങ്ങളായി ഇസ്രഈല്‍ സൈന്യം തടവിലാക്കിവരുടെയും സൈനികാക്രണങ്ങളും വിലക്കുകളും കാരണം പട്ടിണിയിലായ ഒരു ജനതയെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് എങ്ങനെയാണ് ശരിയാവുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഫോദയുടെ ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സില്‍ 2015 ലാണ് റിലീസ് ചെയ്യുന്നത്. ഫോദയുടെ ആദ്യ രണ്ടു സീസണും അറബ് വേഷത്തിലെത്തി വെസ്റ്റ് ബാങ്കില്‍ സൈനിക നീക്കം നടത്തുന്ന ഇസ്രഈല്‍ ഉദ്യോഗസ്ഥരുടെ കഥയാണ് പറഞ്ഞിരുന്നത്.
മൂന്നാമത്തെ സീസണ്‍ ഗാസയിലെ ഇസ്രഈല്‍ സൈനിക നീക്കങ്ങളെയാണ് പ്രമേയമാക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സിനു ഇസ്രഈലിനോടുള്ള ചായ്‌വും ഇതിനിടെ വിഷയമായി.
2019 ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ ദ സ്‌പൈ എന്ന സീരീസ് ഇസ്രഈലിലെ എക്കാലത്തെയും ആരാധനാപാത്രമായ എലി കോഹന്‍ എന്ന മെസാദ് ഏജന്റിനെ ആധാരമാക്കിയുള്ള കഥയായിരുന്നു. സിറിയില്‍ ഇദ്ദേഹം നടത്തിയ ചാര പ്രവര്‍ത്തിയാണ് ദ സ്‌പൈയുടെ കഥാതന്തു. എന്നാല്‍ എലി കോഹനെ മഹത്വ വല്‍ക്കരിക്കുന്ന എന്ന വിമര്‍ശനം ഇതിനെതിരെ വന്നിരുന്നു.