ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രാഈല്‍ ആക്രമണം; രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു
World News
ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രാഈല്‍ ആക്രമണം; രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th July 2023, 7:32 pm

ഗാസ: ഫലസ്തീനിലെ നാബിലസില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് നഗരമായ നാബിലസിലാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇസ്രാഈല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രാഈല്‍ സൈന്യം നടത്തിയ അധിനിവേഷ ശ്രമങ്ങളുടെ ഭാഗമായാണ് ഹംസ മഖ്ബൂല്‍, ഖൈരി ഷഹീന്‍ എന്നീ യുവാക്കള്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. അല്‍ അഖ്‌സ മാര്‍ട്ടിയേഴ്‌സ് ബ്രിഗേഡ്‌സിന്റെ രണ്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് മേഖലയില്‍ തെരച്ചില്‍ നടത്തിയതെന്ന് ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടു.

വീട് വളഞ്ഞ ശേഷം കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌ഫോടക വസ്തുക്കളുമായി യുവാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്രാഈല്‍ സൈനിക ഓഫീസര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ സ്ഥലത്തെത്തിച്ചാണ് യുവാക്കളെ നേരിട്ടതെന്നും വധിച്ചതെന്നും ഇസ്രാഈല്‍ അധികൃതര്‍ അറിയിച്ചതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് മുമ്പ് ജെനിനിലും സമാനമായ നിരവധി അധിനിവേശ ശ്രമങ്ങള്‍ ഇസ്രാഈല്‍ സൈന്യം നടത്തിയിരുന്നു. നിരവധി ഫലസ്തീന്‍ പൗരന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നബ്ലസില്‍ കൊല്ലപ്പെട്ട രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു.

യുവാക്കളെ വെടിവച്ചുകൊല്ലുന്നതിന് മുമ്പ് ഇസ്രാഈല്‍ സൈന്യം വീട് വളഞ്ഞെന്നാണ് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

അന്നത്തെ വ്യോമാക്രമണത്തില്‍ 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതില്‍ 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Content Highlights: Isreal army killed two palestine youths