ജറുസലേം: ഇസ്രഈല്‍ പാര്‍ലമെന്റ് സെനറ്റിലേക്കു നടന്ന പുനര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹുവിന് തിരിച്ചടി. തെരഞ്ഞെടുപ്പു ഫലത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
69.4 ശതമാനം പേരാണ് ആകെ വോട്ടുചെയ്തത്. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 120 അംഗ സെനറ്റില്‍ 31 സീറ്റ് മാത്രമാണ് നേടാനായത്. എന്നാല്‍ വലതുപക്ഷ കക്ഷികള്‍ ചേര്‍ന്ന ലിക്കുഡിന്റെ സഖ്യത്തിന് 55 സീറ്റ് നേടാനായിട്ടുണ്ട്.
മുഖ്യ പ്രതിയോഗിയായ മുന്‍ സേനാ തലവന്‍ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32 സീറ്റാണ് നേടാനായത്. മധ്യപക്ഷ ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിന് 56 സീറ്റുമുണ്ട്.
ഭൂരിപക്ഷം തെളിയിക്കാന്‍ 61 സീറ്റാണ് ആവശ്യം. ഈ സാഹചര്യത്തില്‍ ഒന്‍പതു സീറ്റുകളുള്ള അവിഗ്‌ദോര്‍ ലീബര്‍മാന്റെ ‘ഇസ്രഈല്‍ ബെയ്തിനു പാര്‍ട്ടി’യുടെ തീരുമാനം നിര്‍ണായകമാവും.
നെതന്യാഹുവിന്റെ ഉറ്റ മിത്രമായിരുന്ന ലീബര്‍മാന്‍ ഇപ്പോള്‍ എതിര്‍ ചേരിയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ലീബര്‍മാന്‍ ലിക്കുഡ് സഖ്യസര്‍ക്കാരില്‍ ചേരാന്‍ വിസമ്മതിച്ചിരുന്നു. ഇതോടെ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നെതന്യാഹു നിര്‍ബന്ധിതനാവുകയായിരുന്നു.
മതേതര ലിബറല്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ലീബര്‍മാന്റെ ആവശ്യം നെതന്യാഹുവിനെ തടയാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണെന്നും വിലയിരുത്തപ്പെടുന്നു. അങ്ങനെ വന്നാല്‍ ഇസ്രഈല്‍ രാഷ്ട്രത്തില്‍ അതികായനായി മാറിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പതനത്തിന്റെ തുടക്കമാവും ഇത്.
അറബ് പാര്‍ട്ടികളുടെ ജോയിന്റ് ലിസ്റ്റിന് 13 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഐക്യ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാല്‍ അതിന്റെ നേതാവ് അയ്മാന്‍ ഒദെ ക്യാബിനറ്റ് പദവിക്ക് തുല്യമായ പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുണ്ട്.