ഗസയിൽ സ്വന്തം പൗരനെ ഇസ്രഈൽ സൈന്യം 'അബദ്ധത്തിൽ' കൊലപ്പെടുത്തി; റിപ്പോർട്ട്
World News
ഗസയിൽ സ്വന്തം പൗരനെ ഇസ്രഈൽ സൈന്യം 'അബദ്ധത്തിൽ' കൊലപ്പെടുത്തി; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 29, 09:12 am
Wednesday, 29th January 2025, 2:42 pm

ഗസ: ഗസയിൽ സ്വന്തം പൗരനെ തന്നെ കൊലപ്പെടുത്തി ഇസ്രഈൽ സൈന്യം. ചൊവ്വാഴ്ച സെൻട്രൽ ഗസയിലെ ഒരു നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇസ്രാഈൽ പൗരനെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഇസ്രഈലി പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി ഗാസയിൽ എഞ്ചിനീയറിങ് ജോലികൾ ചെയ്യുന്ന ഒരു നിർമാണ കമ്പനിയിലെ ബുൾഡോസർ ഓപ്പറേറ്റർ സെൻട്രൽ ഗസയിൽ കൊല്ലപ്പെട്ടു. മിലിറ്ററി പ്രോസിക്യൂഷൻ്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് മിലിട്ടറി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ,’ മരണത്തിൻ്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാതെ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

38 കാരനായ യാക്കോവ് അവിതനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രാഈൽ സേന നടത്തിയ ഒരു ഓപ്പറേഷനിൽ ആണ് അവിതൻ കൊല്ലപ്പെട്ടതെന്ന് പ്രാരംഭ അന്വേഷണങ്ങൾ സൂചിപ്പിച്ചതായി ഇസ്രാഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഗസയിലെ നിത്‌സാരിം ഇടനാഴിയിൽ ജോലി ചെയ്യുന്നതിനിടെ സൈനികർ വെടിവെച്ചതായാണ് റിപ്പോർട്ട്.

ഇസ്രഈൽ സൈന്യം തിങ്കളാഴ്ച നിത്‌സാരിം ഇടനാഴിയിൽ നിന്ന് പിൻവാങ്ങി. ഇസ്രഈൽ ഗാസ വെടിനിർത്തൽ കരാർ പ്രകാരം 3,00,000ത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാർ വടക്കൻ ഗസയിലേക്ക് മടങ്ങി.

47,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രഈലിന്റെ വംശഹത്യ താത്ക്കാലികമായി നിർത്തിവച്ചുകൊണ്ട്, സന്ധിയുടെ ആദ്യ ഘട്ടം ജനുവരി 19ന് പ്രാബല്യത്തിൽ വന്നു,.

ഇസ്രഈൽ ആക്രമണം മൂലം 11,000ത്തിലധികം ആളുകളെ കാണാതായി. ഗസയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി.

ഗസയിലെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ കഴിഞ്ഞ വർഷം നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എൻക്ലേവിനെതിരായ യുദ്ധത്തിൻ്റെ പേരിൽ ഇസ്രഈൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യ കേസ് നേരിടുന്നുണ്ട്.

 

 

Content Highlight: Israeli worker ‘accidentally’ killed by army in Gaza: Reports