ആളുകൾ തിങ്ങിനിറഞ്ഞ റഫയെ ആക്രമിച്ചാൽ ഉണ്ടാകാൻ പോകുന്നത് വലിയ മാനുഷിക ദുരന്തം; മുന്നറിയിപ്പുമായി യു.എൻ
World News
ആളുകൾ തിങ്ങിനിറഞ്ഞ റഫയെ ആക്രമിച്ചാൽ ഉണ്ടാകാൻ പോകുന്നത് വലിയ മാനുഷിക ദുരന്തം; മുന്നറിയിപ്പുമായി യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 8:04 am

ജെറുസലേം: റഫയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുന്ന ഇസ്രഈല്‍ സൈന്യത്തിന് മുന്നറിയിപ്പുമായി യു.എന്‍. ജനങ്ങള്‍ തിങ്ങിനിറഞ്ഞ റഫയില്‍ ആക്രമണം നടത്തിയാല്‍ അത് വലിയ മാനുഷിക ദുരന്തമായി മാറുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ചയും റഫ ഉള്‍പ്പടെയുള്ള ഗസയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷട്ര തലത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും റഫയിലേക്ക് കടന്ന ഇസ്രഈല്‍ സേന ഗസയിലേക്കെത്തുന്ന മാനുഷിക സഹായങ്ങള്‍ തടഞ്ഞെന്നും യു.എന്‍ പറഞ്ഞു.

അതിനിടെ, സെന്‍ട്രല്‍ ഗസയില്‍ നടന്ന ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റഫാ അതിര്‍ത്തിയില്‍ ഇസ്രഈല്‍ സൈന്യം വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്.

റഫയെ നിയന്ത്രണത്തിലാക്കി ഇസ്രഈല്‍ സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചതോടെ ഗസയിലേക്കുള്ള മാനുഷിക സഹായ വിതരണം വീണ്ടും നിലച്ച അവസ്ഥയിലാണ്. സാഹചര്യങ്ങളെ അപലപിച്ച് യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് വെള്ളിയാഴ്ച രംഗത്തെത്തുകയും ചെയ്തു.

‘റഫ അതിര്‍ത്തി വഴിയാണ് ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ ഗസയിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ അവ വീണ്ടും നിലച്ചിരിക്കുകയാണ്. നിസഹായരായ ഫലസ്തീന്‍ ജനതയിലേക്ക് സഹായം എത്തിക്കുന്നത് വീണ്ടും തുടരണം,’ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. സൈനിക നടപടിയെ തുടര്‍ന്ന് ഫലസ്തീന്‍ ജനതയുടെ അതിജീവനത്തിന് ആവശ്യമായ സാധനങ്ങള്‍ ഗസയിലേക്ക് എത്തുന്നത് തടസ്സപ്പെടുന്നില്ലെന്ന് എല്ലാ കക്ഷികളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗസയിലെ നിസഹായരായ മനുഷ്യരിലേക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി അതിര്‍ത്തികള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇരുപക്ഷവും ഉറപ്പ് വരുത്തണം,’ യു.എന്‍ മനുഷ്യാവകാശ മേധാവി പറഞ്ഞു.

അതിനിടെ, ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് റഫയില്‍ നിന്ന് ഒന്നരലക്ഷം ആളുകള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുദ്ധം ഭയന്ന് റഫയിൽ അഭയം പ്രാപിച്ചിരുന്ന ജനങ്ങളെല്ലാം പലായനം ചെയ്യുന്നതായി യു.എൻ അഭയാർത്ഥി ഏജൻസിയായ യു.എൻ.ആർ.ഡബ്ലൂ.എയാണ് റിപ്പോർട്ട് ചെയ്തത്.

Content Highlight: Israeli strikes hit parts of Gaza including Rafah amid UN warning of ‘epic’ disaster