ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 16 കുട്ടികള്‍ക്ക് പരിക്കേറ്റു. നാല് വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റതെന്ന് ലെബനനിലെ ആരോഗ്യ വിഭാഗം അറിയിച്ചു.
ശനിയാഴ്ചയാണ് സ്ഥലത്ത് ഇസ്രഈലിന്റെ ആക്രമണം നടന്നത്. തെക്കന്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബിന്റ് ജെബെയില്‍ ഒറ്റരാത്രികൊണ്ട് നടന്ന ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷമുള്ള പ്രദേശങ്ങളുടെ ചിത്രങ്ങളും ലെബനനിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ലെബനനിലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 40ലധികം വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്രഈല്‍ സൈന്യം അവരുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ശനിയാഴ്ച ഇസ്രഈലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണങ്ങള്‍ പരാജയപ്പെടുത്താന്‍ സാധിച്ചെന്നും ഐ.ഡി.എഫ് അവരുടെ പ്രസ്താവനയില്‍ അവകാശപ്പെട്ടു.
ഒക്ടോബര്‍ ഏഴിന് ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം അതിര്‍ത്തി കടന്നുള്ള ഇസ്രഈലിന്റെയും ഹിസ്ബുള്ളയുടെയും ആക്രമണങ്ങള്‍ പതിവാണ്.
കഴിഞ്ഞാഴ്ച ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലും കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. മൂന്ന് കുട്ടികള്‍ക്കാണ് പരിക്കേറ്റതെന്ന് പിന്നീട് ആരോഗ്യവകുപ്പ് അറിയിച്ചു.
ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 80 സിവിലിയൻമാരടക്കം 450 ഓളം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഇസ്രഈലില്‍14 സൈനികരും 11 സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് ഐ.ഡി.എഫ് അറിയിച്ചു.
Content Highlight: Israeli strike wounds 16 children in south Lebanon