| Monday, 8th January 2024, 11:35 am

മാധ്യമപ്രവർത്തകരുടെ കൊലപാതകം; ഇസ്രഈലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദ കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈലി ഡ്രോൺ ആക്രമണത്തിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദ കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സി.പി.ജെ).
ജനുവരി 7ന് നടന്ന ഡ്രോൺ ആക്രമണത്തിൽ മാധ്യമപ്രവർത്തകരായ ഹംസ അൽ ദഹ്ദൂഹ്, മുസ്തഫ തുരയയും ആണ് കൊല്ലപ്പെട്ടത്.

ഹംസ അൽ ദഹ്ദൂഹിന്റെയും, മുസ്തഫ തുരയയുടെയും കൊലപാതകത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഇതിന്റെ ഉത്തരവാദികളെ ലോകത്തിനു മുന്നിലെത്തിക്കുമെന്നും സി.പി.ജെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രോഗ്രാം കോഡിനേറ്റർ ഷെരീഫ് മൻസൂർ പറഞ്ഞു. കൂടാതെ മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബത്തെയും തുടർച്ചയായി ഇസ്രഈൽ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാരാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

അൽജസീറ ഗസ ബ്യൂറോ ചീഫ് വഈൽ ദഹ്ദൂഹിന്റെ മകനും അൽജസീറ ക്യാമറ ഓപ്പറേറ്ററും ആണ് കൊല്ലപ്പെട്ട ഹംസ അൽ ദഹ്ദൂഹ്, എ.എഫ്.പിക്ക് വേണ്ടിയാണ് മുസ്തഫ തുരയ പ്രവർത്തിച്ചിരുന്നത്. കൂടാതെ അക്രമത്തിൽ മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഖാൻ യൂനിസിന് പുറത്തുവെച്ചായിരുന്നു ആക്രമണം ഉണ്ടായത്.

യുദ്ധം റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ സി.പി.ജെ ആശങ്ക രേഖപ്പെടുത്തി.
ഒക്ടോബർ 13ന് ഉണ്ടായ ആക്രമണത്തിൽ റോയിട്ടേഴ്‌സ് വീഡിയോഗ്രാഫർ ഇസ്സാം അബ്ദല്ല കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച്, അസോസിയേറ്റ് ഫ്രാൻസ് പ്രസ്, ആംനെസ്റ്റി ഇൻറർനാഷണൽ എന്നിവർ അന്വേഷണം നടത്തിയിരുന്നു. ഇത് ഇസ്രഈൽ പ്രതിരോധ സേന സിവിലിയൻസിനു നേരെ നടത്തിയ ആക്രമണം ആണെന്നും ഇതൊരു യുദ്ധ കുറ്റമാണെന്നും കണ്ടെത്തിയിരുന്നു.

ഇസ്രഈൽ പറയുന്നത് മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുന്നില്ലെന്നാണ്, ഈ മാധ്യമപ്രവർത്തകർക്ക് നേരെ ഡ്രോണുകൾ ഉപയോഗിച്ചോ എന്നും മാധ്യമപ്രവർത്തകൻ ആണെന്ന് കാണിക്കുന്ന വേഷം ധരിച്ചിട്ടും എന്തിനാണ് ഇസ്സാം അബ്ദല്ലക്കെതിരെ ആക്രമണം നടത്തിയതെന്നും ഇസ്രഈൽ വ്യക്തമാക്കണമെന്ന് ഷെരീഫ് മൻസൂർ പറഞ്ഞു.

കഴിഞ്ഞദിവസം ഉണ്ടായ കൊലപാതകം ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തമാണെന്നും അവരുടെ കുടുംബത്തിൻ്റെ നഷ്ടത്തിൽ വളരെയധികം വേദനയുണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞു.

യുദ്ധം ആരംഭിച്ചതിനുശേഷം 79 മാധ്യമപ്രവർത്തകരാണ് ഇത് വരെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 72 ഫലസ്തീൻ, നാല് ഇസ്രഈൽ, മൂന്നു ലെബനീസ് മാധ്യമപ്രവർത്തകർ ഉൾപ്പെടുന്നു. കൂടാതെ 16 പേർക്ക് പരിക്കേൽക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ ഈ മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് നേരെ ഭീഷണിയും, സൈബർ അക്രമങ്ങളും, വധശ്രമങ്ങളും നടന്നിട്ടുണ്ടായിരുന്നു.

Content Highlights: Israeli strike kills two Palestinian journalists in Gaza.

We use cookies to give you the best possible experience. Learn more