ടെല്‍-അവീവ്: ഇസ്രഈല്‍ -മൊറോക്കോ കരാര്‍ ലോകം ചര്‍ച്ചചെയ്യവേ പുതിയ വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇസ്രഈലി സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പ് ചാരപ്രവര്‍ത്തനം നടത്താന്‍ നിര്‍മ്മിച്ച സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മൊറോക്കോ സര്‍ക്കാര്‍ പ്രധാനപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. മാധ്യമ പ്രവര്‍ത്തകന്‍ ഒമര്‍ റൈദിയുടേതുള്‍പ്പെടെയുള്ള വിവരങ്ങള്‍ എന്‍.എസ്.ഒ ചോര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് എന്‍.എസ്.ഒ വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊറോക്കോയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ എന്‍.എസ്.ഒ ഹാക്കിങ്ങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ആംനസ്റ്റി പുറത്തുവിട്ടിരുന്നു.
അതേസമയം ചാരപ്രവര്‍ത്തനം നടത്താനുള്ള സ്‌പൈവെയര്‍ സ്‌ഫോറ്റ്‌വെയര്‍ മൊറോക്കോ സര്‍ക്കാരിന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണ് തങ്ങള്‍ വിറ്റതെന്നാണ് എന്‍.എസ്.ഒ പറയുന്നത്.
ആംനസ്റ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്ന് എന്‍.എസ്.ഒ അധികൃതര്‍ പറഞ്ഞു. തങ്ങളുടെ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടാല്‍ ഉപഭോക്താവിന് നല്‍കുന്ന ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കമ്പനി പിന്‍വലിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞവര്‍ഷം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ചാരപ്രവര്‍ത്തനത്തെ സഹായിക്കാനായി എന്‍.എസ്.ഒ വികസിപ്പിച്ചിട്ടുണ്ടെന്നും ഇത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.