യുദ്ധക്കുറ്റം അന്വേഷിക്കാതിരിക്കാന്‍ മൊസാദ് തലവന്‍ ഐ.സി.സി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി; റിപ്പോര്‍ട്ട്
World News
യുദ്ധക്കുറ്റം അന്വേഷിക്കാതിരിക്കാന്‍ മൊസാദ് തലവന്‍ ഐ.സി.സി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2024, 7:18 pm

ടെല്‍അവീവ്: 2021ല്‍ ഇസ്രഈലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടത്തിയ യുദ്ധക്കുറ്റത്തിന്‍ മേലുള്ള അന്വേഷണം പിന്‍വലിക്കാന്‍ മൊസാദ് തലവന്‍ ഐ.സി.സി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദ ഗാര്‍ഡിയനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രഈലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് തലവന്‍ യോസി കോഹന്‍ ഐ.സി.സിയുടെ മുന്‍ പ്രോസിക്യൂട്ടര്‍ ഫാറ്റൗ ബെന്‍സൗദയെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇസ്രഈലും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളും ചേര്‍ന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമ്മര്‍ദം ചെലുത്താന്‍ ഇത്തവണയും ശ്രമങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളുമായി താരതമ്യപ്പെടുത്തിയാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ മേല്‍ ബെന്‍സൗദ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ അവരെ ഭീഷണിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങള്‍ ഞങ്ങളെ സഹായിച്ചാല്‍ നിങ്ങളുടെ എല്ലാ കാര്യങ്ങളും രാജ്യം നോക്കിക്കോളാമെന്ന് മൊസാദ് തലവന്‍ ബെന്‍സൗദയോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിന്റെയോ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമോ എന്ന് മൊസാദ് തലവന്‍ അവരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

2021ല്‍ ആരംഭിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞാഴ്ചയാണ് ബെന്‍സൗദയുടെ പിന്‍ഗാമിയായ കരീം ഖാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. യുദ്ധക്കുറ്റങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ഉത്തരവാദികളാണെന്ന് കരീം ഖാന്‍ വിധിയില്‍ പറഞ്ഞു.

Content Highlight: Israeli spy chief ‘threatened’ ICC prosecutor over war crimes case: Report