വെസ്റ്റ് ബാങ്ക്: ഗാസയ്ക്ക് നേരേ വീണ്ടും ഇസ്രഈല്‍ ആക്രമണം. ഗാസ മുനമ്പില്‍ പ്രതിഷേധം നടത്തിയവര്‍ക്കു നേരേയായിരുന്നു ഇസ്രഈല്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ നാല് ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ പതിനഞ്ച് കാരനും ഉള്‍പ്പെട്ടിട്ടുണ്ട്.
ഫലസ്തീന്‍ അഭയാര്‍ഥികളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഏകദേശം പതിനായിരത്തോളം വരുന്ന ഫലസ്തീന്‍ പൗരന്‍മാര്‍ നടത്തിയ പ്രതിഷേധത്തിനിടയിലാണ് ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. എഴുന്നുറോളം പേര്‍ക്ക് ഇസ്രഈല്‍ ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ALSO READ: ഗാസാ സമരമുഖത്ത് പൊരുതാന്‍ സ്ത്രീകളും; പ്രക്ഷോഭത്തില്‍ ശക്തമായ സ്ത്രീ സാന്നിധ്യം
അഹമ്മദ് അബു ആഖില്‍, അഹമ്മദ് റഷാദ് അല്‍ അതംനേഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരനും ഉള്‍പ്പെട്ടിരിക്കുന്നതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് മുപ്പതോടെ ആരംഭിച്ച് ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 39 ഫലസ്തീന്‍ പൗരന്‍മാരാണ്. നിരന്തര സംഘര്‍ഷങ്ങള്‍ക്കെതിരെ നടത്തുന്ന ഫലസ്തീന്‍ പ്രതിഷേധം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.