ജെറുസലേം: വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗ് മോഷ്ടിച്ച ഇസ്രഈലി സൈനികനെതിരെ രൂക്ഷവിമര്‍ശനം. ബാഗ് തട്ടിയെടുത്ത് തോളിലിട്ട് നില്‍ക്കുന്ന സൈനികന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.
വെസ്റ്റ് ബാങ്കിലെ തുബാസിലാണ് സംഭവം നടന്നത്. സൈനികന്റെ ചിത്രം വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഷംസ് അല്‍-താര്‍ എന്ന പെണ്‍കുട്ടിയുടെ ബാഗണിതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
ഗസയിലെ ഫലസ്തീനികളെ തുടര്‍ച്ചയായി കൊല്ലാന്‍ കഴിയാതെ വന്നതോടെ ഇസ്രഈല്‍ സൈനികരുടെ വികൃതമായ മുഖം കൂടുതല്‍ പുറത്തേക്ക് വരികയാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മോശമായതും അധാര്‍മികരുമായ സൈന്യമാണ് ഇസ്രഈലിലേതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തില്‍, സ്‌കൂള്‍ ബാഗ് തോളിലിട്ട് യൂണിഫോമില്‍ പുറം തിരിഞ്ഞിരിക്കുന്ന സൈനികനെയാണ് കാണുന്നത്. സൈനികന്റെ സമീപത്തായി ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് നില്‍ക്കുന്ന മറ്റു സൈനികരെയും കാണാം.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇസ്രഈലിന്റെ ആക്രമണത്തില്‍ 214 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 17,881 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് ഗസ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുശേഷം നടന്ന ആക്രമണങ്ങളിലും കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ ലോകത്ത് 473 ദശലക്ഷം കുട്ടികള്‍ യുദ്ധ ഭീകരതയിലാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലോകത്തെ ആറ് കുട്ടികളില്‍ ഒരാള്‍ വീതം യുദ്ധാന്തരീക്ഷമുള്ള പ്രദേശങ്ങളിലാണ് കഴിയുന്നതെന്ന് യു.എന്‍ ഏജന്‍സിയായ യൂണിസെഫ് പറഞ്ഞിരുന്നു.
1990ല്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ടിരുന്നത് 10 ശതമാനം കുട്ടികളാണ്. എന്നാല്‍ 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇത് 19 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്.
2023ന്റെ അവസാനത്തോടെ 47.2 ദശലക്ഷം കുട്ടികളാണ് സ്വന്തം രാജ്യങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ടത്. ഇക്കാലയളവിലാണ് ഫലസ്തീനില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ യുദ്ധം ആരംഭിച്ചത്. ഫലസ്തീന് പുറമെ സുഡാന്‍, മ്യാന്മാര്‍, ലെബനന്‍, ഹെയ്തി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ കുടിയിറക്കപ്പെട്ടു.
2023 മുതല്‍ 22,557 കുട്ടികള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ആക്രമണങ്ങളില്‍ 32,990 നിയമലംഘനങ്ങളാണ് ഐക്യരാഷ്ട്ര സംഘടന രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് ആഗോള ജനസംഖ്യയുടെ 30 ശതമാനം കുട്ടികളാണ്. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ 40 ശതമാനമാണ്.
Content Highlight: Israeli soldier steals Palestinian student’s school bag; Criticism on social media