ഗസ: രണ്ട് വയസുകാരിയായ മകൾക്ക് പിറന്നാൾ സമ്മാനമായി ഗസയിലെ കെട്ടിടം തകർത്ത് ഇസ്രഈലി സൈനികൻ.
ആയുധധാരിയായ സൈനികൻ തന്റെ സഹപ്രവർത്തകർക്കൊപ്പം നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനം തന്റെ രണ്ട് വയസായ മകൾക്ക് സമർപ്പിക്കുന്നതായി ഹീബ്രൂ ഭാഷയിൽ ഇയാൾ വീഡിയോയിൽ പറയുന്നത് കാണാം.
‘അവൾക്ക് രണ്ട് വയസായി. ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു,’ സൈനികൻ പറയുന്നു. സഹപ്രവർത്തകർക്കൊപ്പം സൈനികൻ കൗണ്ട് ഡൗൺ ചെയ്യുന്നതും തുടർന്ന് വലിയ സ്ഫോടനം നടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
നാല് ദിവസത്തെ വെടിനിർത്തലിനുള്ള ഇസ്രഈൽ – ഹമാസ് ഉടമ്പടിക്ക് പിന്നാലെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
“Dedicating this explosion to my daughter Ella for her birthday”
വീടുകളും ആശുപത്രികളും സ്കൂളുകളും ലക്ഷ്യമിട്ടാണ് ഇസ്രഈൽ സേനയുടെ ബോംബാക്രമണം. 23 ലക്ഷം ഫലസ്തീനികളാണ് വീടുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് പലായനത്തിന് നിർബന്ധിതരായത്.
ഫലസ്തീനി വീടുകൾ തകർത്ത് മകൾക്ക് പിറന്നാൾ സമ്മാനം നൽകുന്ന സൈനികന്റെ വീഡിയോയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
അതേസമയം വെടിനിർത്തൽ ഉടമ്പടി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി ഖത്തർ അറിയിച്ചു. കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 117 ഫലസ്തീനികളെയും ഹമാസ് ബന്ദികളാക്കിയ 39 ഇസ്രഈലികളെയും മോചിപ്പിച്ചിരുന്നു. 17 തായ്‌ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പിനോയെയും റഷ്യൻ ഇസ്രഈൽ പൗരനെയും ഹമാസ് ഉടമ്പടിയുടെ ഭാഗമല്ലാതെ മോചിപ്പിച്ചിരുന്നു.
Content Highlight: Israeli soldier dedicates bombing of Gaza home as ‘birthday gift’ to daughter