ഫലസ്തീനികളുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ട് വെസ്റ്റ് ബാങ്കില്‍ അതിക്രമം തുടര്‍ന്ന് ഇസ്രഈലി കുടിയേറ്റക്കാര്‍
World News
ഫലസ്തീനികളുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ട് വെസ്റ്റ് ബാങ്കില്‍ അതിക്രമം തുടര്‍ന്ന് ഇസ്രഈലി കുടിയേറ്റക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 10:08 pm

ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാതെ ഇസ്രഈലി കുടിയേറ്റക്കാര്‍. ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കുടിയേറ്റക്കാര്‍ തീയിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹുവാറ, ബെയ്റ്റ് ഫുരിക് എന്നീ പട്ടണങ്ങളിലെ രണ്ട് വീടുകളും മൂന്ന് വാഹനങ്ങളും പലചരക്ക് കടകളുമാണ് കുടിയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചതെന്ന് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കുടിയേറ്റക്കാരുടെ ഫുരികിലെ ആക്രമണത്തിന് പിന്നാലെ ഇസ്രഈലി സൈന്യം പട്ടണത്തിലേക്ക് ഇരച്ചുകയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൈന്യവും ഫലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇസ്രഈലി സൈനികരുടെ മേല്‍നോട്ടത്തിലാണ് ഹുവാറയില്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ വീടുകള്‍ അക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖമൂടി ധരിച്ചെത്തിയ നിരവധി കുടിയേറ്റക്കാര്‍ ഫുരികിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ആക്രമണം നടത്തിയെന്ന് മേയര്‍ നഹി ഹന്നനെ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ച്ചയായ മൂന്നാം തവണയാണ് ഇറ്റാമര്‍ കുടിയേറ്റക്കാര്‍ കാറുകള്‍ക്ക് തീയിടുന്നതെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഫലസ്തീനികള്‍ക്ക് നേരെയുള്ള കുടിയേറ്റക്കാരുടെ അതിക്രമം വര്‍ധിച്ചതായും മേയര്‍ ചൂണ്ടക്കാട്ടി. 2023 ഫെബ്രുവരിയില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും 400ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹുവാറയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്രഈലി കുടിയേറ്റക്കാരായിരുന്നു.

യുദ്ധം ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴ് മുതല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നുണ്ട്. ഗസയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ആക്രമണം അതിവേഗത്തില്‍ ഇസ്രഈല്‍ വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിക്കുകയിരുന്നു.

ഇത് ഇസ്രഈലി കുടിയേറ്റക്കാര്‍ക്ക് അതിക്രമങ്ങള്‍ നടത്താന്‍ പ്രചോദനം നല്‍കുകയായിരുന്നു. ഇതിനുമുമ്പും ഫലസ്തീനികള്‍ക്ക് നേരെ കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് ആണ് വെസ്റ്റ് ബാങ്കിലെ ഭൂരിഭാഗം നടപടികള്‍ക്കും നേതൃത്വം നല്‍കുന്നത്.

Content Highlight: Israeli settlers torch Palestinian grocery, cars and buildings in west bank