| Friday, 27th October 2023, 10:08 pm

ചുവന്ന വികൃതമായ പാവകൾ സ്കൂളിൽ ഉപേക്ഷിച്ച് ഫലസ്തീനി കുട്ടികളെ ഭയപ്പെടുത്തി ഇസ്രഈലി കയ്യേറ്റക്കാർ; ഒഴിഞ്ഞുപോകണമെന്ന് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെസ്റ്റ് ബാങ്ക്: ഒഴിഞ്ഞുപോയില്ലെങ്കിൽ കൊല്ലപ്പെടുമെന്ന് ഭീഷണിപ്പെടുത്തി വെസ്റ്റ് ബാങ്കിലെ സ്കൂളുകളിൽ രക്തം പുരണ്ട പാവകൾ ഉപേക്ഷിച്ചും കാറുകളിൽ ലഘുലേഖകൾ വിതരണം ചെയ്തും ഇസ്രഈലി കയ്യേറ്റക്കാർ.

‘ദൈവമാണേ സത്യം, നിങ്ങളുടെ തലക്ക് മേൽ വലിയ ദുരന്തമാണ് വരാൻ പോകുന്നതും കൂട്ടത്തോടെ ജോർദാനിലേക്ക് പോകുവാൻ അവസാനമായി ഒരു അവസരം കൂടി തരുന്നു.

അതിന് ശേഷം, ഓരോ ശത്രുവിനെയും ഞങ്ങൾ ഇല്ലാതാക്കും. ഞങ്ങളുടെ പുണ്യ ഭൂമിയിൽ നിന്ന് നിങ്ങളെ പുറത്താക്കും.

നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്ത് എവിടെ നിന്നാണോ വന്നത് അവിടേക്ക് തന്നെ പോകുക. ഞങ്ങൾ വരികയാണ്,’ വെസ്റ്റ് ബാങ്കിലെ സാൽഫിറ്റ് നഗരത്തിൽ വിതരണം ചെയ്ത ലഘുലേഖയിൽ പറയുന്നു.

1948ൽ 7,50,000 ഫലസ്തീനികളെ അഭയാർത്ഥികളാക്കിയ സംഭവത്തെ ഓർമപ്പെടുത്തിക്കൊണ്ട് മറ്റൊരു ‘വലിയ നക്ബ’ ഉണ്ടാകുമെന്നും ലഘുലേഖയിൽ താക്കീതുണ്ട്.

ജെറിക്കോയിലെ അൽ മരാജത് പ്രദേശത്തെ സ്കൂളിന് മുന്നിൽ കൊച്ചു കുട്ടികളെ ഭയപ്പെടുത്തുന്നതിന്, രക്തമെന്ന് തോന്നിപ്പിക്കുവാൻ ചുവന്ന പെയിന്റ് ഒഴിച്ച് വികൃതമാക്കിയ നിലയിൽ പാവകളെയും കണ്ടെത്തിയിരുന്നു.

നിലവിലെ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ ഇസ്രഈലി കയ്യേറ്റക്കാർ ഇസ്രഈൽ സൈന്യത്തിന്റെ പിന്തുണയോടെ ഒലിവ് കർഷകരെ ആക്രമിക്കുകയാണെന്ന് പ്രാദേശിക മാധ്യമപ്രവർത്തകനായ ആബേൽ ഖാദർ അഖ്ലിനെ ഉദ്ധരിച്ചുകൊണ്ട് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

വെസ്റ്റ് ബാങ്കിൽ ഇസ്രഈലി കയ്യേറ്റക്കാരിൽ നിന്ന് ഭീഷണിയുണ്ടെന്നും പ്രദേശം വിട്ട് പോകുവാൻ അവർ നിരന്തരം ആവശ്യപ്പെടുകയാണെന്നും ഫലസ്തീനികൾ പറയുന്നു.

Content Highlight: Israeli Settlers threaten West Bank children with bloody dolls

We use cookies to give you the best possible experience. Learn more