|

ഗസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ രാജിവെക്കുമെന്ന ഭീഷണിയുമായി ഇസ്രഈല്‍ സുരക്ഷാ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ രാജിവെക്കുമെന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍. ഗസ വെടിനിര്‍ത്തല്‍ കരാര്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചാല്‍ രാജിയാണ് തന്റെ അടുത്ത തീരുമാനമെന്നും ബെന്‍ ഗ്വിര്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ സാധ്യമായാല്‍ ഗസയില്‍ ഇസ്രഈല്‍ ഇതുവരെ നേടിയതിനെല്ലാം തിരിച്ചടിയുണ്ടാക്കുമെന്നും സുരക്ഷാ മന്ത്രി പറഞ്ഞു. കരാര്‍ അട്ടിമറിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബെന്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് നടപടികളിലൂടെ ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിക്കൊണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മന്ത്രിയുടെ മുന്നറിയിപ്പ്.

കരാര്‍ നടപ്പിലായാല്‍ നൂറുകണക്കിന് തീവ്രവാദികളെ ഇസ്രഈലിന് മോചിപ്പിക്കേണ്ടി വരുമെന്നും ബെന്‍ ഗ്വിര്‍ പറഞ്ഞു. പാര്‍ലമെന്റിലെ മേശയ്ക്ക് മുകളില്‍ ഇരിക്കുന്ന കരാര്‍ പത്രം വലിയ ഭാരമുള്ള ഒന്നാണെന്നും ഗ്വിര്‍ പറഞ്ഞു.

അതേസമയം ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും ഇസ്രഈലും വെടിനിര്‍ത്തല്‍ കരാര്‍ വാക്കാല്‍ അംഗീകരിച്ചതോടെ വലിയ ആഹ്ലാദ പ്രകടനങ്ങളാണ് ഇരുരാജ്യങ്ങളിലുമായി നടന്നത്.

ബന്ദികളുടെ കൈമാറ്റം വൈകുന്നതില്‍ പ്രതിഷേധിച്ച് നെതന്യാഹുവിനെതിരെ ഇസ്രഈലികള്‍ തന്നെ തെരുവിലിറങ്ങിയിരുന്നു. സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി നെതന്യാഹു യുദ്ധം നീട്ടികൊണ്ടുപോകുകയാണെന്നും ബന്ദികളുടെ കുടുംബം പറഞ്ഞിരുന്നു.

എന്നാല്‍ വെടിനിര്‍ത്തലിന്റെ അരികില്‍ നില്‍ക്കുമ്പോഴും ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറോളം ഫലസ്തീനികള്‍ ഗസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഗസയിലെ മരണസംഖ്യ 46,790 കവിഞ്ഞു.

കരാര്‍ വ്യവസ്ഥകളില്‍ ഹമാസ് വാഗ്ദാന ലംഘനം നടത്തിയെന്ന് ആരോപിച്ച് വെടിനിര്‍ത്തല്‍ കരാര്‍ വൈകിപ്പിക്കാനുള്ള ശ്രമങ്ങളും നെതന്യാഹു നടത്തുന്നുണ്ട്. കരാര്‍ വോട്ടിനിടാനുള്ള നടപടിയാണ് നെതന്യാഹു ഭരണകൂടം വൈകിപ്പിക്കുന്നത്.

ഖത്തറിന്റെയും യു.എസിന്റെയും ഈജിപ്തിന്റേയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമായത്. 42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍ വരും.

മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ഹമാസിന്റെ പക്കലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 33 ബന്ദികളെ ഇസ്രഈലിന് കൈമാറും. ഇതിന് പകരമായി ഇസ്രഈലിന്റെ തടവിലുള്ള 2000ത്തോളം ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.

ഇസ്രഈല്‍ ഓരോ സിവിലിയന്‍ ബന്ദിക്കായി 30 ഫലസ്തീന്‍ തടവുകാരെയും ഓരോ ഇസ്രഈല്‍ വനിതാ സൈനികര്‍ക്കായി 50 തടവുകാരെയും മോചിപ്പിക്കും.

രണ്ടാമത്തെ ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും. കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണം. മൂന്നാംഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

കരാര്‍ പൂര്‍ണമായും പാലിക്കപ്പെടണമെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത യു.എസ്,ഖത്തര്‍, ഈജിപ്ത്എന്നീ രാജ്യങ്ങളുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും ഇസ്രഈല്‍ നടപടികള്‍ വൈകിപ്പിക്കുകയാണ്. കരാര്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യു.എസ്പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രഈലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Israeli security minister threatens to resign if Gaza cease-fire agreement is accepted