ഗസയിലെ വംശഹത്യ തുടര്‍ന്നാല്‍ തകരുന്നത് ഹമാസ് മാത്രമല്ല, ഇസ്രഈലും: റിട്ടേര്‍ഡ് ഇസ്രഈല്‍ ജനറല്‍
World News
ഗസയിലെ വംശഹത്യ തുടര്‍ന്നാല്‍ തകരുന്നത് ഹമാസ് മാത്രമല്ല, ഇസ്രഈലും: റിട്ടേര്‍ഡ് ഇസ്രഈല്‍ ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 10:59 am

ഗസയ്ക്ക് എതിരെയുള്ള വംശഹത്യ തുടര്‍ന്നാല്‍ തകരുന്നത് ഹമാസല്ല ഇസ്രഈല്‍ ആണെന്ന് റിട്ടേര്‍ഡ് ഇസ്രഈല്‍ മേജര്‍ ജനറല്‍ യിത്‌സാക് ബ്രിക്ക്. ഭരണകൂടത്തിന്റെ ഗസയിലെ സൈനിക ക്യാമ്പയിന്‍ ആരംഭിച്ച് 11 മാസങ്ങള്‍ പിന്നിടുമ്പോള്‍ തങ്ങളുടെ സൈന്യം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഹമാസ് പതിനേഴും പതിനെട്ടും വയസുള്ളവരെ ഉപയോഗിച്ച് സൈന്യത്തെ ശക്തമാക്കുകയാണെന്നും ബ്രിക്ക് പറഞ്ഞു. ഇസ്രഈല്‍ ഗസയില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തി ആക്രമണം തുടരുകയാണെങ്കില്‍ തങ്ങള്‍ ഹമാസിനെ തകര്‍ക്കുക മാത്രമല്ല, സ്വയം തകരുമെന്നും അദ്ദേഹം പറയുന്നു.

ഒക്ടോബര്‍ ഏഴ് മുതല്‍ ഫലസ്തീനില്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രഈലി സൈന്യത്തിന്റെ വിജയ സാധ്യത ഏറെ അകലെയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇസ്രഈലി സൈനികരും രംഗത്തെത്തിയിരുന്നു. വിജയം കയ്യെത്തും ദൂരത്തുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അത് സത്യമല്ലെന്നും നൂറോളം ഇസ്രഈലി സൈനികര്‍ ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, ഹമാസിന്റെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഇസ്രഈലില്‍ രാജ്യവ്യാപക പണിമുടക്ക് നടന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റഡ്രറ്റ് ആയിരുന്നു ഈ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

നിരവധിയാളുകള്‍ അണിനിരന്ന പണിമുടക്കില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, തുറമുഖങ്ങള്‍ എന്നിവയടക്കമുള്ള വിവിധ മേഖലകളിലെ പ്രവര്‍ത്തനം തടസപ്പെട്ടു. പ്രതിഷേധത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 40,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഗസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 92,000ത്തില്‍ അധികം ഫലസ്തീനികള്‍ക്ക് ഇസ്രഈലിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Content Highlight: Israeli Retired General Yitzhak Brik Says War In Gaza Will Bring Israel To Collapse