| Tuesday, 9th August 2022, 7:03 pm

വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ റെയ്ഡ്; അല്‍ അഖ്‌സ ബ്രിഗേഡ് കമാന്‍ഡറടക്കം മൂന്ന് പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ മൂന്ന് മരണം, നാല്‍പത് പേര്‍ക്ക് പരിക്കേറ്റു.

ഇതില്‍ നാല് പേരുടെ നില ഗരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയായിരുന്നു റെയ്ഡ്.

അല്‍ അഖ്‌സ ബ്രിഗേഡ് കമാന്‍ഡറടക്കം മൂന്ന് പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. സീനിയര്‍ ആംഡ് റെസിസ്റ്റന്‍സ് കമാന്‍ഡറായ (senior armed resistance commander) 30കാരന്‍ ഇബ്രാഹിം അല്‍- നബല്‍സിയാണ് (Ibrahim al-Nabulsi) മരിച്ചത്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

വെസ്റ്റ് ബാങ്ക് നഗരമായ നാബ്ലസിലെ (Nablus) ഒരു വീട്ടിലായിരുന്നു ഇസ്രഈല്‍ സൈന്യം റെയ്ഡ് നടത്തിയത്.

ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 5 മണിക്ക് ഓള്‍ഡ് സിറ്റിയിലെ ഒരു കെട്ടിടം ഇസ്രഈല്‍ സൈന്യം വളയുകയായിരുന്നു. അല്‍-അഖ്സ രക്തസാക്ഷി ബ്രിഗേഡ്സിന്റെ കമാന്‍ഡറായ നബുള്‍സി അവിടെ കുടുങ്ങിപ്പോകുകയായിരുന്നു.

പ്രദേശത്ത് മണിക്കൂറുകളോളം വെടിവെപ്പ് നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്.

”ഇസ്രഈല്‍ സൈന്യം നബ്ലസില്‍ ഒരു വീട് വളഞ്ഞു. ഇരുഭാഗത്ത് നിന്നും വെടിവെപ്പുണ്ടായി,” ഇസ്രഈല്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

‘നബ്ലസിന്റെ സിംഹം’ (the lion of Nablus) എന്നറിയപ്പെടുന്ന അല്‍- നബല്‍സി മാസങ്ങളോളം ഒളിവില്‍ കഴിയുകയും ഇസ്രഈലിന്റെ ഭാഗത്ത് നിന്നുള്ള നിരവധി അക്രമണങ്ങളെയും കൊലപാതക ശ്രമങ്ങളെ അതിജീവിക്കുകയും ചെയ്തയാളായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി, ജൂലൈ മാസങ്ങളില്‍ തന്റെ സഹപ്രവര്‍ത്തകരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ നബല്‍സി പരസ്യമായി പ്രത്യക്ഷപ്പെട്ടത് ഇസ്രഈല്‍ സൈന്യത്തിന്റെ രോഷത്തിന് കാരണമായിരുന്നു.

ഫത്തയുടെ (Fatah) സായുധ വിഭാഗമാണ് അല്‍- അഖ്സ രക്തസാക്ഷി ബ്രിഗേഡ്. വെസ്റ്റ്ബാങ്കില്‍ പരിമിതമായ രീതിയില്‍ സ്വയംഭരണമുള്ള ഫലസ്തീന്‍ അതോറിറ്റിയെ നിയന്ത്രിക്കുന്ന പ്രസ്ഥാനമാണ് ഫത്ത.

ഇസ്രഈല്‍ സൈന്യം ഗാസക്ക് നേരെ നടത്തിയ വ്യോമാക്രമണം അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു വെസ്റ്റ് ബാങ്കിലെ ഈ റെയ്ഡ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സുരക്ഷാ സേന നിരന്തരം റെയ്ഡുകളും അക്രമങ്ങളും നടത്തിവരികയാണ്.

Content Highlight: Israeli raids on occupied West Bank turn deadly, killed al-Aqsa Brigades commander

We use cookies to give you the best possible experience. Learn more