ഖത്തറില്‍ ഞായറാഴ്ച നടന്ന ചടങ്ങിനിടെയാണ് നെതന്യാഹുവിനെതിരെ ഇസ്രഈലികള്‍ ആക്രോശിച്ചത്. തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന പരിപാടിക്കിടെ ഇസ്രഈലി പ്രതിഷേധക്കാര്‍ നെതന്യാഹുവിനെതിരെ മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു.
‘ലജ്ജ തോന്നുന്നു നിങ്ങളോട്, എന്റെ അച്ഛനെയാണ് എനിക്ക് നഷ്ടപ്പെട്ടത്,’ എന്ന് ഒരാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആക്രോശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബന്ദികളാക്കപ്പെട്ട ഇസ്രഈല്‍ പൗരന്മാരെ തിരികെയെത്തിക്കാനും പ്രതിഷേധക്കാര്‍ നെതന്യാഹുവില്‍ സമ്മര്‍ദം ചെലുത്തി. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ഇസ്രഈല്‍ കരാറില്‍ ഏര്‍പ്പെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഒക്ടോബറിന്റെ തുടക്കത്തില്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതോടെ നിരവധി ആളുകള്‍ ബന്ദികളെ മോചിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങളുമായി കൂടിയാലോചന നടത്താന്‍ നെതന്യാഹു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇസ്രഈലിന് പുറമെ ജെറുസലേമിലും വെസ്റ്റ് ബാങ്കിലും ബന്ദികളാക്കപ്പെട്ടവര്‍ക്ക് വേണ്ടി നെതന്യാഹുവിനെതിരെ പ്രതിഷേധം നടന്നിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനാ പ്രത്യാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളാകുന്നത്. ഹമാസിന്റെ തിരിച്ചടിയില്‍ 1,139 പേരാണ് ഇസ്രഈലില്‍ കൊല്ലപ്പെട്ടത്. 200ലധികം ഇസ്രഈലികളെ ഹമാസ് ബന്ദികളാകുകയും ചെയ്തിരുന്നു. ഇതില്‍ 100ഓളം തടവുകാര്‍ ഇപ്പോഴും ഗസയില്‍ ബന്ദികളാക്കപ്പെട്ടിരിക്കുകയാണ്.
സിന്‍വാറിന്റെ മരണത്തിന് പിന്നാലെ മധ്യസ്ഥ രാജ്യങ്ങള്‍ ബന്ദി കൈമാറ്റം, ഗസയിലെ വെടിനിര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സജീവാക്കിയിട്ടുണ്ട്. ഞായറാഴ്ച രണ്ട് ദിവസത്തേക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് ഗസയില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശിച്ചിരുന്നു. ഇത് ഗസയില്‍ മാനുഷിക സഹായം, പോളിയോ വാക്‌സിന്‍ ഉള്‍പ്പെടെ എത്തിക്കാന്‍ സഹായകമാകും.
ചില ഫലസ്തീന്‍ തടവുകാര്‍ക്ക് നാല് ഇസ്രഈല്‍ ബന്ദികള്‍ എന്ന കണക്കില്‍ ബന്ദി കൈമാറ്റം നടത്താനും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം, ഗസയില്‍ 42000 ഫലസ്തീനികളും ലെബനനില്‍ 2700 ആളുകളും ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Content Highlight: Israeli protesters blocked Netanyahu’s speech in Qatar