| Thursday, 26th September 2019, 2:25 pm

നെതന്യാഹുവിന് ഒരവസരം കൂടി നല്‍കി ഇസ്രാഈല്‍ പ്രസിഡന്റ് ; വരും ദിനങ്ങള്‍ ഇസ്രാഈലിനും നെതന്യാഹുവിനും നിര്‍ണായകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയാനിരുന്ന നെതന്യാഹുവിന് അപ്രതീക്ഷിത അവസരം. സര്‍ക്കാര്‍ രൂപീകരിക്കാനായി ഇസ്രാഈല്‍ പ്രസിഡന്റ് റ്യൂവന്‍ റിവ്‌ലിന്‍ നെതന്യാഹുവിനെ സമീപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിയും ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് പ്രസിഡന്റ് നെതന്യാഹുവിനെ സമീപിച്ചിരിക്കുന്നത്. 28 ദിവസമാണ് സര്‍ക്കാര്‍ ഉണ്ടാക്കുവാനായി നെതന്യാഹുവിന് ലഭിക്കുക. ആവശ്യമെങ്കില്‍ രണ്ടാഴ്ച നീട്ടിത്തരാന്‍ അപേക്ഷിക്കാം.

ഈ സമയപരിധിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എതിര്‍ പക്ഷത്തുള്ള ബെന്നി ഗാന്റ്‌സിന്റെ പാര്‍ട്ടിക്ക് അവസരം ലഭിക്കും. 120 അംഗ പാര്‍ലമെന്റില്‍ 55 പേരുടെ പിന്തുണയാണ് നെതന്യാഹുവിന് ലഭിച്ചത്. ബെന്നി ഗാന്റ്‌സിന് 54 പേരുടെയും.

എന്നാല്‍ സര്‍ക്കാര്‍ നിര്‍മിക്കാനുള്ള വഴികള്‍ നെതന്യാഹുവിനെ സംബദ്ധിച്ചിടത്തോളം ദുര്‍ഘടമാണ്.

ബെന്നി ഗാന്റ്‌സുമായി സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നേരത്തെ തന്നെ നെതന്യാഹു ശ്രമിച്ചിരുന്നു. എന്നാല്‍ അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവുമായി കൂട്ടു സര്‍ക്കാരിനില്ലെന്ന് ബെന്നി ഗാന്റ്‌സ് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. സഖ്യ സര്‍ക്കാരിനായി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും ഇതു തന്നെയാണ് ഇദ്ദേഹം പറയുന്നത്. അഴിമതി ആരോപണം നേരിടുന്ന നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് തനിക്ക് അവസരം നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

ഇസ്രാഈലിലെ അറബ് പാര്‍ട്ടികള്‍ ബെന്നിഗാന്റ്‌സിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്്. തെരഞ്ഞുപ്പില്‍ 8 സീറ്റുകള്‍ നേടിയ ഇസ്രാഈല്‍ ബിറ്റിനു പാര്‍ട്ടിയാണെങ്കില്‍ ഒരാളെയും ഒറ്റയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കില്ല എന്ന നിലപാടിലാണ്. ഇവരെയൊക്കെ അനുനയിപ്പിക്കുക എന്നതാണ് നെതന്യാഹുവിന് മുന്നില്‍ ഇനിയുള്ള വെല്ലുവിളി.

സര്‍ക്കാരുണ്ടാക്കുന്നതില്‍ നെതന്യാഹുവും ബെന്നിഗാന്റിസും പരാജയപ്പെട്ടാല്‍ ഒരു വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനാണ് ഇസ്രാഈല്‍ സാക്ഷ്യം വഹിക്കേണ്ടി വരിക.

ഏപ്രിലില്‍ നടന്ന തെരെഞ്ഞടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാത്തിനാലാണ് സെപ്റ്റംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍ ഇത്തവണയും സമാന സ്ഥിതിയായതോടെ അഞ്ചാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനുള്ള നെതന്യാഹുവിന്റെ സ്വപ്നമാണ് തുലാസിലായിരിക്കുന്നത്. സെപ്റ്റംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിക്ക് 31 സീറ്റാണ് ലഭിച്ചത്. ബ്ലാക്ക് ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 32 സീറ്റും. 60 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

We use cookies to give you the best possible experience. Learn more