| Monday, 12th August 2024, 3:18 pm

വെസ്റ്റ് ബാങ്ക് എന്റെ മാതൃരാജ്യത്തിന്റെ ഭാഗം; വിട്ടുകൊടുക്കാൻ തയ്യാറല്ല: നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഫലസ്തീന് വിട്ടുകൊടുക്കില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കിഴക്കന്‍ ജെറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങൾ തന്റെ മാതൃരാജ്യത്തിന്റെ ഭാഗമാണെന്നും നെതന്യാഹു പറഞ്ഞു. ടൈംസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ അതോറിറ്റി സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തുന്നുണ്ടെങ്കിലും അധിനിവേശ പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ക്ക് പരിമിതമായ സ്വയംഭരണം മാത്രമേ നല്‍കുകയുള്ളുവെന്നും നെതന്യാഹു പറഞ്ഞു. ഭരണപരമായ ചുമതലകള്‍ക്കും ആഭ്യന്തര സുരക്ഷക്കും വേണ്ടിയുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ അധികാരത്തെ പരിമിതപ്പെടുത്തുമെന്നും നെതന്യാഹു പറയുകയുണ്ടായി.

‘ഞങ്ങള്‍ അവരുടെ ഭൂമിയില്‍ ഭരണം നടത്തുന്നില്ല. ഞങ്ങള്‍ റാമല്ലയെ ഓടിക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ ജെനിനെ നയിക്കുന്നുമില്ല,’ എന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ ഈ പ്രദേശങ്ങളിലെ തീവ്രവാദത്തെ തടയേണ്ടി വരുമ്പോള്‍ തങ്ങള്‍ക്ക് അതിര്‍ത്തി കടക്കേണ്ടി വരുന്നുവെന്നും നെതന്യാഹു ടൈംസ് മാഗസിനോട് ചൂണ്ടിക്കാട്ടി.

വെസ്റ്റ് ബാങ്കിലെ പട്ടണങ്ങളില്‍ താമസിക്കുന്ന ഫലസ്തീനികളെ പരോക്ഷമായി തീവ്രവാദികളെന്ന് മുദ്രകുത്തിയായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നെതന്യാഹു പൂര്‍ണമായും എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇസ്രഈല്‍ അധിനിവേശം വെസ്റ്റ് ബാങ്കിലെ സുരക്ഷ, വ്യോമാതിര്‍ത്തി, തുറമുഖങ്ങള്‍, ആസൂത്രണ നയം, സമ്പദ്വ്യവസ്ഥ, നികുതി പിരിവ് എന്നിവ നിയന്ത്രിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇത് ഇസ്രഈലിന് ഉണ്ടാക്കുന്നത് മികച്ച നേട്ടങ്ങളാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഫലസ്തീനില്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രഈലി സൈന്യത്തിന്റെ വിജയ സാധ്യത ഏറെ അകലെയാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രഈലി സൈനികര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിജയം കയ്യെത്തും ദൂരത്തുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അത് സത്യമല്ലെന്നും നൂറോളം ഇസ്രഈലി സൈനികര്‍ ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിക്ക് അയച്ച കത്തില്‍ പറയുന്നു.

അതേസമയം ഇസ്രഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 39,800 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഗസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 92,000ത്തില്‍ അധികം ഫലസ്തീനികള്‍ക്ക് ഇസ്രഈലിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Content Highlight: Israeli Prime Minister Benjamin Netanyahu will not cede control of the occupied West Bank to Palestine

We use cookies to give you the best possible experience. Learn more