ജെറുസലേം: മുസ്‌ലിങ്ങൾക്ക് അൽ അഖ്സ മസ്ജിദിൽ പ്രവേശനം തടഞ്ഞ് ഇസ്രഈൽ. മസ്ജിദിനകത്തേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചതായി പള്ളി പരിപാലിക്കുന്ന ഇസ്‌ലാമിക് വഖ്ഫ് വകുപ്പ് അറിയിച്ചു.
മസ്ജിദിന്റെ നിയമങ്ങൾ ലംഘിച്ച് ജൂത ഭക്തന്മാർക്ക് പ്രവേശനം അനുവദിക്കുകയും പ്രാർത്ഥനാ സൗകര്യം ഒരുക്കുകയും ചെയ്യുന്നതായി വഖ്ഫ് വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് ഫലസ്തീൻ ദേശീയ മാധ്യമമായ വഫ റിപ്പോർട്ട് ചെയ്തു.
അമുസ്‌ലിങ്ങൾക്ക് സന്ദർശനത്തിന് അനുമതി ഉണ്ടെങ്കിലും പള്ളിയിൽ പ്രാർത്ഥിക്കാനുള്ള അവസരം മുസ്‌ലിങ്ങൾക്ക് മാത്രമാണ് എന്നായിരുന്നു ദീർഘനാളായി പാലിച്ചുവന്ന നിയമം. എന്നാൽ ഇതിനെ ലംഘിച്ചുകൊണ്ട് ചില ജൂത സന്ദർശകർ ഇവിടെ പ്രാർത്ഥിക്കാറുണ്ടായിരുന്നു.
ജൂത നിയമപ്രകാരം, അൽ അഖ്സ മസ്ജിദിന്റെ പരിസരത്ത് പ്രവേശിക്കുന്നതിന് ജൂതന്മാർക്ക് വിലക്കുണ്ട്. ഒക്ടോബർ 24 രാവിലെ മുതൽ ഇസ്രഈൽ അധികാരികൾ മസ്ജിദിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുസ്‌ലിങ്ങൾക്ക് പ്രവേശനം വിലക്കുന്നതിന് മുമ്പ് പ്രായമായവർക്ക് പ്രവേശനം അനുവദിച്ചിരുന്നു.
മുസ്‌ലിങ്ങളുടെ മൂന്നാമത്തെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രമായ അൽ അഖ്സ, ജൂതന്മാരുടെയും പുണ്യഭൂമിയാണ്. ജൂതന്മാർ മൗണ്ട് ക്ഷേത്രം എന്ന് വിളിക്കുന്ന മന്ദിരം ഇസ്രഈലികൾക്കും ഫലസ്തീനികൾക്കുമിടയിലെ തർക്കവിഷയമാണ്.
ഒക്ടോബർ തുടക്കത്തിൽ ജൂത ആഘോഷമായ സുഖോത്തിന്റെ ഭാഗമായി നൂറുകണക്കിന് ഇസ്രഈലികൾ മസ്ജിദിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചിരുന്നു.
Content highlight: Israeli police shut down Al-Aqsa mosque for Muslim worshippers