| Sunday, 3rd March 2024, 3:54 pm

ഗസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്ന ആവശ്യം; ഏഴ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് ഇസ്രഈല്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചവരില്‍ ഏഴ് പ്രതിഷേധക്കാരെ ഇസ്രഈല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധത്തിന്റെ ഭാഗമായി ഡൗണ്‍ടൗണില്‍ നടന്ന റാലിക്കിടെ ബിഗിന്‍ സ്ട്രീറ്റ് അടച്ചിട്ടതാണ് അറസ്റ്റിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ ടെല്‍ അവീവിലെ ഒരു പ്രധാന പാതയായ ബിഗിന്‍ സ്ട്രീറ്റ് അടച്ചിട്ടത്. ഗസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ വേണ്ടി സര്‍ക്കാരിനോട് ഹമാസുമായി കരാറുണ്ടാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാരുടെ റാലി.

ഈ റാലിയില്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് ടെല്‍ അവീവിലെ കപ്ലാന്‍ സ്‌ക്വയറില്‍ ഏഴ് പ്രതിഷേധക്കാരെ ഇസ്രഈല്‍ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യെദിയോത്ത് അഹ്രോനോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉടനെത്തന്നെ തെരഞ്ഞെടുപ്പ് നടത്താനും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതിനിടയില്‍ ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പായ ഹമാസുമായി കരാര്‍ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പടിഞ്ഞാറന്‍ ജറുസലേമില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപത്ത് നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി.

വടക്കന്‍ ഇസ്രഈലില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് നിരവധിയാളുകള്‍ നെതന്യാഹുവിന്റെ വസതിക്ക് മുന്നില്‍ പ്രകടനം നടത്തിയതായി ഇസ്രഈല്‍ ബ്രോഡ്കാസ്റ്റിങ്ങ് അതോറിറ്റി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Israeli Police Arrested Seven Protesters Who Demand Release Of  Imprisoned In Gaza

Latest Stories

We use cookies to give you the best possible experience. Learn more