ഇസ്രാഈലി യാഥാസ്ഥിതികർ ക്രിസ്ത്യൻ തീർത്ഥാടകർക്ക് നേരെ തുപ്പി; ജറുസലേമിൽ അഞ്ചുപേർ അറസ്റ്റിൽ
World News
ഇസ്രാഈലി യാഥാസ്ഥിതികർ ക്രിസ്ത്യൻ തീർത്ഥാടകർക്ക് നേരെ തുപ്പി; ജറുസലേമിൽ അഞ്ചുപേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th October 2023, 12:58 pm

ജറുസലേം: ജറുസലേമിലെ ഓൾഡ് സിറ്റിയിൽ ചർച്ചിന്റെയും ക്രിസ്ത്യൻ തീർത്ഥാടകർക്ക് നേരെ തുപ്പിയെന്ന് സംശയിക്കുന്ന അഞ്ച് പേരെ ഇസ്രാഈലി പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചു.

നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തീവ്ര ദേശീയ വാദികളായ ജൂതരിൽ നിന്ന് അക്രമണങ്ങളും ഭീഷണിയും നേരിടുന്നതായി പ്രദേശത്തെ ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങൾ പറയുന്നു.

‘നിർഭാഗ്യവശാൽ, ജറുസലേമിലെ ഓൾഡ് സിറ്റിയിലെ ക്രിസ്ത്യാനികൾക്കെതിരെ അപലപനീയമായ പ്രവൃത്തികൾ നടന്നുവരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രധാനമായും അവരെ തുപ്പുന്നത്,’ ജറുസലേം ജില്ലാ കമാൻഡർ ഡോറോൺ തുർഗമാൻ പറഞ്ഞു.

അറസ്റ്റിലായവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിന് ക്രിസ്ത്യൻ തീർത്ഥാടകർ പങ്കെടുക്കുന്ന വാർഷിക ജറുസലേം മാർച്ചിന്റെ തയ്യാറെടുപ്പുകൾക്കിടയിലാണ് അറസ്റ്റ് നടന്നത്. ഇസ്രാഈലി എം.പി റബ്ബി നാഥാൻ റോത്മാന്റെ സഹോദരനാണ് അറസ്റ് ചെയ്യപ്പെട്ടവരിൽ ഒരാളെന്ന് ഇസ്രാഈലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.

വിദേശ ക്രിസ്ത്യൻ തീർത്ഥാടകരെ കടന്നുപോകുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ള ഓർത്തഡോക്സ് ജൂതന്മാർ നിലത്ത് തുപ്പുന്ന വീഡിയോ ഇസ്രാഈലി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

അതേസമയം, ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു ക്രിമിനൽ കുറ്റകൃത്യമല്ല എന്നാണ് ഇസ്രാഈലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ ആർമി റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സംഭവത്തെ അപലപിക്കുന്നുവെങ്കിലും ഇസ്രാഈലിനെ ആക്ഷേപിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒരു അറസ്റ്റ് എല്ലായ്പ്പോഴും ന്യായീകരിക്കപ്പെടണമെന്നില്ല എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

മുമ്പ് ക്രിസ്ത്യാനികളെ തുപ്പുന്നത് പുരാതന ജൂയിഷ് ആചാരമാണെന്ന് ഇയാൾ പറഞ്ഞിരുന്നു.

ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ അപലപിക്കുകയും ആരാധനക്കും തീർത്ഥാടനത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ ഇസ്രാഈൽ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

സെമിറ്റിക് മതസ്ഥരായ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും പുണ്യ സ്ഥലങ്ങൾ ഓൾഡ് സിറ്റിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. പ്രത്യേക ദിനങ്ങളുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉണ്ടാകാറുണ്ടെങ്കിലും പ്രദേശവാസികൾ ദീർഘകാലമായി ഇവിടെ ഒരുമിച്ചാണ് താമസിക്കുന്നത്.

Content Highlight: Israeli police arrest five for hostile gestures towards Christians