'റമദാനിൽ ഫലസ്തീനികൾക്ക് അൽ അഖ്സയിൽ നിരോധനം'; ഇസ്രഈൽ പൊലീസിനും ഷിൻ ബെറ്റിനുമിടയിൽ അഭിപ്രായ വ്യത്യാസം
World News
'റമദാനിൽ ഫലസ്തീനികൾക്ക് അൽ അഖ്സയിൽ നിരോധനം'; ഇസ്രഈൽ പൊലീസിനും ഷിൻ ബെറ്റിനുമിടയിൽ അഭിപ്രായ വ്യത്യാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th February 2024, 2:54 pm

ടെൽ അവീവ്: റമദാനിൽ അൽ അഖ്സ മസ്ജിദിൽ ഫലസ്തീനികളെ വിലക്കുന്നത് സംബന്ധിച്ച് ഇസ്രഈൽ പൊലീസും ദേശീയ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും തമ്മിൽ അഭിപ്രായ വ്യത്യാസമെന്ന് റിപ്പോർട്ട്.

റമദാനിലുടനീളം അൽ അഖ്സയിൽ സുരക്ഷാ സേനയെ വിന്യസിക്കുവാൻ ഇസ്രഈൽ പൊലീസ് നിർദേശിച്ചതായി ഇസ്രഈലിലെ അറബി വാർത്താ ശൃംഖലയായ മകാൻ റിപ്പോർട്ട് ചെയ്തു.

ഹമാസ് പതാകകൾ വീശുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും കൈകാര്യം ചെയ്യുന്നതിനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

പ്രായപരിധി നിശ്ചയിക്കാനും മസ്ജിദ് പരിസരത്ത് അനുവദിക്കാവുന്ന ഫലസ്തീനികളുടെ എണ്ണം നിജപ്പെടുത്താനും പൊലീസ് ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്.

എന്നാൽ നിർദേശം സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് എതിർത്തു എന്നാണ് റിപ്പോർട്ടുകൾ. ഫലസ്തീനിൽ നിന്നുള്ള വിശ്വാസികൾക്ക് അനിയന്ത്രിതമായി അനുമതി നൽകണമെന്നാണ് ഷിൻ ബെറ്റ് നിർദേശിക്കുന്നത്.

ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇതാമർ ബെൻ ഗ്വിർ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജെറുസലേമിലെയും സംഘർഷം വർധിപ്പിക്കുന്ന തീരുമാനങ്ങൾ സ്വീകരിച്ചേക്കുമെന്ന് വിഷയത്തിൽ വിവിധ സർക്കാർ ഏജൻസികൾ നടത്തിയ ചർച്ചയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.

റമദാനിൽ അൽ അഖ്സ മസ്ജിദ് സന്ദർശിക്കുന്നതിൽ നിന്ന് ഫലസ്തീനികളെ നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം ബെൻ ഗ്വിർ ആവശ്യപ്പെട്ടിരുന്നു.

ഇസ്രഈലിലെ 70 വയസിൽ താഴെയുള്ള ഫലസ്തീൻ പൗരന്മാരെ മസ്ജിദിന്റെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ബെൻ ഗ്വിർ പറഞ്ഞതായി ഇസ്രഈലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: Israeli police and Shin Bet ‘disagree on Al-Aqsa restrictions’ during Ramadan