ഫ്‌ളാഗ് ദിനത്തില്‍ ഫലസ്തീനികളെയും മാധ്യമ പ്രവര്‍ത്തകരെയും അക്രമിച്ച് ഇസ്രഈല്‍ പൊലീസും തീവ്ര ദേശീയ വാദികളും
World News
ഫ്‌ളാഗ് ദിനത്തില്‍ ഫലസ്തീനികളെയും മാധ്യമ പ്രവര്‍ത്തകരെയും അക്രമിച്ച് ഇസ്രഈല്‍ പൊലീസും തീവ്ര ദേശീയ വാദികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2023, 10:01 am

ജെറുസലേം: കഴിഞ്ഞ ദിവസം ജെറുസലേമില്‍ വെച്ച് നടന്ന ഫ്‌ളാഗ് മാര്‍ച്ചില്‍ ഇസ്രഈല്‍ പൊലീസും തീവ്ര ദേശീയ വാദികളും ചേര്‍ന്ന് ഫലസ്തീനികളെയും മാധ്യമ പ്രവര്‍ത്തകരെയും അക്രമിച്ചു. മന്ത്രിമാരും നിയമനിര്‍മാതാക്കളുമടക്കം ഉള്‍പ്പെട്ട പരിപാടിയിലാണ് അക്രമം നടന്നിരിക്കുന്നത്.

പഴയ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ദമാസ്‌കസ് ഗേറ്റിനടുത്ത് നടന്ന പരിപാടിയില്‍ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടറടക്കമുള്ളവരെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കല്ലെറിഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

വംശീയ തീവ്ര വലതുപക്ഷ ഗ്രൂപ്പായിട്ടുള്ള ലെഹാവ ഗ്രൂപ്പിന്റെ കറുത്ത കൊടി പിടിച്ച് കൊണ്ട് നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ‘നിങ്ങളുടെ ഗ്രാമം ചുട്ടെരിക്കും,’ എന്ന മുദ്രാവാക്യവുമായാണ് മാര്‍ച്ച് നടത്തിയിട്ടുള്ളത്.

1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രഈല്‍ ജെറുസലേം പിടിച്ചടുക്കിയതിനെ അടയാളപ്പെടുത്തുന്നതാണ് ജെറുസലേം ദിനം. അതിന്റെ ഭാഗമായി നടത്തപ്പെടുന്ന ഫ്‌ളാഗ് മാര്‍ച്ചിലാണ് വ്യാപക അക്രമം ഉണ്ടായത്.

പഴയ നഗരത്തിലെ മുസ്‌ലിങ്ങള്‍ അധിവസിക്കുന്നയിടത്ത് മാര്‍ച്ച് എത്തിച്ചേര്‍ന്നപ്പോള്‍ നിരവധി ഫലസ്തീനികളെയും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ തല്ലിച്ചതക്കുകയായിരുന്നു. തുടര്‍ന്ന് ഇസ്രഈല്‍ പൊലീസും ഫലസ്തീനികളെ ഉപദ്രവിക്കുന്നതിന് കൂട്ടുനിന്നു.

ഫലസ്തീനികളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ആക്റ്റിവിസ്റ്റ് ഇയാദ് അബു സ്‌നൈനാഹിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഫലസ്തീനികള്‍ക്കെതിരെയുള്ള വംശീയത, ജൂത ആധിപത്യം എന്നിവക്കെതിരെയുള്ള പരിപാടിയാണ് സംഘടിപ്പിച്ചതെന്ന് ഇസ്രഈല്‍ എന്‍.ജി.ഒ. ഇര്‍ അമീം പറഞ്ഞു.

വ്യാഴാഴ്ച നടന്ന പരിപാടിയില്‍ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍, ധനകാര്യ മന്ത്രി ബെസ്‌ലാല്‍ സ്‌മോട്‌റിച്ച്, ഗതാഗത മന്ത്രി മിറി രാഖേവ് എന്നിവരും പങ്കെടുത്തിരുന്നു.

‘ഇവിടെ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നുണ്ട്, ദൈവത്തിന് നന്ദി. ജെറുസലേം എപ്പോഴും ഞങ്ങളുടേതായിരിക്കും’ മാര്‍ച്ചിന്റെ ആരംഭ കേന്ദ്രമായ കിങ് ജോര്‍ജ് സ്ട്രീറ്റില്‍ സംസാരിക്കവേ ബെന്‍ ഗ്വിര്‍ പറഞ്ഞു.

‘അറബുകളില്‍ നിന്ന് പിടിച്ചെടുത്ത വിജയം ആഘോഷിക്കുകയാണ് ഞങ്ങള്‍,’ എന്ന് ബെന്‍ ഗ്വിറിന്റെ വലത്-പക്ഷ ജൂത പാര്‍ട്ടിയുടെ അഭിഭാഷകനായ ലിമര്‍ സണ്‍ ഹാര്‍-മെലേച്ച് ടൈംസ് ഓഫ് ഇസ്രഈലിനോട് പറഞ്ഞു.

ഇസ്രഈല്‍ കൊടികള്‍ പറത്തി, വംശീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് സുരക്ഷയൊരുക്കാന്‍ 3000ത്തിലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇസ്രഈല്‍ ജെറുസലേമിന്റെ മേലുള്ള ആധിപത്യം സ്ഥാപിക്കുകയാണ് ഇതിലൂടെ എന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

‘അറബികള്‍ക്ക് മരണം, രണ്ടാം നക്ബ വരുന്നു, തുടങ്ങി പ്രവാചക നിന്ദ കലര്‍ന്ന മുദ്രാവാക്യങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉപയോഗിച്ചിട്ടുണ്ട്.

മാര്‍ച്ചിന്റെ ഭാഗമായി ദമാസ്‌കസ് ഗേറ്റിനടുത്തുള്ള റോഡുകളും മാധ്യമ പ്രവര്‍ത്തകരും ഫലസ്തീനികളും പ്രവേശിക്കാതിരിക്കാന്‍ അടച്ചിരുന്നു. ഇസ്രഈല്‍ കുടിയേറ്റക്കാരും രാഷ്ട്രീയക്കാരും അല്‍ അഖ്‌സ പള്ളിയിലും അതിക്രമിച്ച് കയറിയിരുന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഡാന്‍ ഇല്ലൗസ്, അമിത് ഹലേവി, എരിയല്‍ കല്‍നര്‍ എന്നീ എം.പിമാരും ഇതില്‍ പങ്കെടുത്തിരുന്നു.

അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും ഫലസ്തീന്‍ പതാക ഉയര്‍ത്തി ഫലസ്തീനുകളും റാലി നടത്തി. മുന്‍ വര്‍ഷങ്ങളിലും ഫളാഗ് മാര്‍ച്ചില്‍ ഇസ്രഈല്‍ ഫലസ്തീനികളെ വ്യാപകമായി അക്രമിച്ചുണ്ടായിരുന്നു,

എന്നാല്‍ സംഭവത്തില്‍ അപലപിച്ച് കൊണ്ട് ജോര്‍ദാനും രംഗത്ത് വന്നു.

content highlights: Israeli police and extremist nationalists attacked Palestinians and journalists on Flag Day