ടെല്‍ അവീവ്: ഗസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളെ മുഴുവനായി ഉന്മൂലനം ചെയ്യണമെന്ന് ഇസ്രഈലി പോഡ്കാസ്റ്റേഴ്സ്. നാര്‍ മെനിംഗര്‍, എയ്റ്റന്‍ വെയ്ന്‍സ്‌റ്റൈന്‍ എന്നീ യുവാക്കളാണ് ഫലസ്തീനികളെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്തത്. ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയ പോഡ്കാസ്റ്റിലെ ഏതാനും ഭാഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവാക്കളുടെ പരാമര്‍ശം വിവാദമാകുന്നത്.
‘ഗസയെ ഇല്ലാതാക്കാനുള്ള ഒരു ബട്ടണ്‍ നിങ്ങള്‍ എനിക്ക് തന്നാല്‍, ഫലസ്തീനിലെ ഒരാളും പോലും നാളെ ജീവിച്ചിരിക്കില്ല. ബട്ടണ്‍ കയ്യില്‍ കിട്ടുന്ന നിമിഷം തന്നെ ഞാന്‍ അതില്‍ അമര്‍ത്തിയിരിക്കും,’ എന്നാണ് പോഡ്കാസ്റ്റര്‍മാരില്‍ ഒരാളായ വെയ്ന്‍സ്‌റ്റൈന്‍ പറയുന്നത്. ടു നൈസ് ജൂയിഷ് ബോയ്‌സ് എന്ന പേരില്‍ സ്ട്രീം ചെയ്ത എപ്പിസോഡിലെ ഈ ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചത്.
താന്‍ മാത്രമല്ല, മിക്ക ഇസ്രഈലി പൗരന്മാരും ഇതുപോലെ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും വെയ്ന്‍സ്‌റ്റൈന്‍ പോഡ്കാസ്റ്റില്‍ പറയുന്നു. ഇസ്രഈലികള്‍ ഗസക്കെതിരായ യുദ്ധമാണ് ആഗ്രഹിക്കുന്നതെന്നും വെയ്ന്‍സ്‌റ്റൈന്‍ പറഞ്ഞു.
ഗസയില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരണസംഖ്യയില്‍ ഈ വര്‍ധനവില്ലെന്നും വെയ്ന്‍സ്‌റ്റൈന്‍ പറയുകയുണ്ടായി. സമ്പൂര്‍ണമായ യുദ്ധം ഗസയില്‍ മാത്രമായി നിലനില്‍ക്കണമെന്ന് താന്‍ അര്‍ത്ഥമാക്കുന്നില്ലെന്നും വെയ്ന്‍സ്‌റ്റൈന്‍ പറഞ്ഞു.
അതേസമയം ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളെ മുഴുവനായും ഇല്ലാതാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മെനിംഗര്‍ പറയുന്നു. ഗസക്കെതിരായ യുദ്ധത്തില്‍ ഇസ്രഈല്‍ പരാജയപ്പെട്ടുവെന്നും പോഡ്കാസ്റ്റില്‍ ഇരുവരും പറയുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത നേടാനുള്ള ശ്രമം ഇസ്രഈലിന് ഗുണം ചെയ്യില്ല. ഫലസ്തീന് മേല്‍ പരമാധികാരം സ്ഥാപിക്കുക എന്നതായിരിക്കണം ഇസ്രഈലിന്റെ ലക്ഷ്യം. വെസ്റ്റ് ബാങ്കിനോട് ഗസയേയും കൂട്ടിച്ചേര്‍ത്ത് ഫലസ്തീനെ മുഴുവനായി ഇസ്രഈലിന്റെ ഭാഗമാക്കണമെന്നും യുവാക്കള്‍ ആഹ്വാനം ചെയ്തു.
ഗസയ്ക്ക് പുറമെ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെയും പ്രത്യേകം ലക്ഷ്യമിട്ട് ഇസ്രഈലി സൈന്യമായ ഐ.ഡി.എഫ് ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് യുവാക്കളുടെ ആഹ്വാനം. നിലവില്‍ വെസ്റ്റ് ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് അധികാരമുണ്ടെങ്കിലും എല്ലാം ഇസ്രഈലിനാല്‍ നിയന്ത്രണ വിധേയമാണ്.
കൂടാതെ നിരവധി ഇസ്രഈലി കുടിയേറ്റക്കാരും വെസ്റ്റ് ബാങ്കില്‍ നിലയുറച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഇസ്രഈലി കുടിയേറ്റക്കാരും ഐ.ഡി.എഫിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അതേസമയം ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റക്കാരും പങ്കാളികളാണ്.
ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങള്‍ ഇസ്രഈല്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് പോഡ്കാസ്റ്റിലൂടെ ഇസ്രഈലി യുവാക്കള്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നത്. ഇസ്രഈലിന്റെ 50 വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ ലെബനനിലെ അധിനിവേശവും ഉള്‍പ്പെടുത്തണമെന്നും വെയ്ന്‍സ്‌റ്റൈന്‍ പറയുന്നു. ഇസ്രഈലി ബന്ദികള്‍ ഹമാസിന്റെ തടങ്കലില്‍ കൊല്ലപ്പെടുമ്പോള്‍ പോളിയോ വാക്‌സിനിലൂടെ ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത് എന്തിനാണെന്നും ഇരുവരും ചോദിക്കുന്നു.
നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇരുവര്‍ക്കുമെതിരെ പ്രതികരിക്കുന്നത്. തങ്ങളുടെ സഹോദരങ്ങള്‍ മരിച്ചുവീഴുമ്പോഴെങ്കിലും യുദ്ധത്തിന്റെ ഭീകരത യുവാക്കള്‍ മനസിലാക്കേണ്ടതുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Israeli podcasters call for total extermination of Palestinians in Gaza and occupied West Bank