സ്ത്രീകള്‍ക്കും മൃഗങ്ങളെപ്പോലെ അവകാശമുണ്ട്; സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര ദിനാചരണത്തിനിടെ നെതന്യാഹുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം
World News
സ്ത്രീകള്‍ക്കും മൃഗങ്ങളെപ്പോലെ അവകാശമുണ്ട്; സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര ദിനാചരണത്തിനിടെ നെതന്യാഹുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2020, 7:57 pm

ജറുസലേം: സ്ത്രീകള്‍ക്കെതിരെ വീണ്ടും പരസ്യപ്രസ്താവനയുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അവകാശങ്ങളുള്ള മൃഗങ്ങള്‍ ആണ് സ്ത്രീകള്‍ എന്ന നെതന്യാഹുവിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച നടത്തിയ അന്താരാഷ്ട്ര ദിനാചരണത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ ഈ പരാമര്‍ശം. ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകള്‍ നിങ്ങളുടേതല്ല. നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗമല്ല സ്ത്രീ. നിങ്ങള്‍ക്ക് വേഗത്തില്‍ തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു മൃഗമല്ല സ്ത്രീ. ഇക്കാലത്ത് മൃഗങ്ങളെ ഉപദ്രവിക്കരുതെന്നാണ് പറയുന്നത്. നമുക്ക് മൃഗങ്ങളോട് അനുകമ്പ മാത്രമാണുള്ളത്. അതുപോലെയാണ്, സ്ത്രീകളും കുട്ടികളും മൃഗങ്ങളാണ്. അവകാശങ്ങളുള്ള മൃഗങ്ങള്‍’, എന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.

 

ലോകത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന അവസരത്തിലാണ് ഇസ്രാഈല്‍ തലവന്റെ ഇത്തരം പരാമര്‍ശം. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ സ്ത്രീകളെ മൃഗങ്ങളോട് ഉപമിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഗാര്‍ഹിക പീഡനത്തെയും സ്ത്രീവിരുദ്ധതയേയും പ്രോത്സാഹിപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പരാമര്‍ശമെന്ന് വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

അതേസമയം ഇതാദ്യമായല്ല സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നെതന്യാഹു രംഗത്തെത്തുന്നത്. നേരത്തെ കൊറോണ കാബിനറ്റില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദത്തില്‍പ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Antiwomen Statement By Israeli Pm Benjamin Nethanyahu