ടെല്‍ അവീവ്: ഗാസയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു. ഇസ്രാഈല്‍ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നെതന്യാഹു പറഞ്ഞു.
‘ഇന്നത്തെ ഈ നാണംകെട്ട തീരുമാനത്തിലൂടെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കടുത്ത ഇസ്രഈല്‍ വിരുദ്ധത ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ പുച്ഛിച്ചു തള്ളുന്ന ഇത്തരം നടപടികളാണ് ലോകത്തില്‍ മുഴുവന്‍ തീവ്രവാദത്തെ വളര്‍ത്തുന്നത്,’ നെതന്യാഹു പറഞ്ഞു.
അതേസമയം യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഫലസ്തീന്‍ രംഗത്തെത്തി. ഫലസ്തീനികളുടെ മനുഷ്യാവകാശത്തിനും നിയമം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഗാസ ആക്രമണത്തില്‍ ഇസ്രഈലിനെതിരെ കടുത്ത നിലപാടുമായി യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ലൈറ്റ് രംഗത്തുവന്നത്.
‘ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 270 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 68 പേര്‍ കുട്ടികളാണ്. 11 ദിവസത്തെ ആക്രമണത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഇത്തരം ആക്രമണം വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇവയെ യുദ്ധക്കുറ്റമായി തന്നെ കണക്കാക്കണം,’ മിഷേല്‍ പറഞ്ഞു.
11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ക്ക് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതായി ഇസ്രാഈല്‍ അറിയിച്ചിരുന്നു. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നുമാണ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്. ഇസ്രാഈലിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
ഗാസ ആക്രമണത്തില്‍ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.
വെടിനിര്‍ത്തലിനു ശേഷവും ഇസ്രാഈല്‍ സേനയും തീവ്ര വലതുപക്ഷ ജൂതരുടെയും ഭാഗത്തുനിന്നും പ്രകോപനപരമായ നടപടികളുണ്ടായിരുന്നു. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ ഇസ്രാഈല്‍ പൊലീസ് ആരാധനക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിച്ചിരുന്നു.
ഇസ്രാഈല്‍ പൊലീസ് ജൂത സന്ദര്‍ശകരെ മസ്ജിദുല്‍ അഖ്‌സ പരിസരത്തേക്ക് പ്രവേശിപ്പിച്ചതോടെ ജറുസലേം വീണ്ടും സംഘര്‍ഷ ഭീതിയിലായിരുന്നെങ്കിലും മറ്റൊരു ആക്രമണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയില്ല.
ജൂത മതപരമായ വസ്ത്രം ധരിച്ച ഏതാനും ഇസ്രാഈലുകള്‍ മസ്ജിദുല്‍ അഖ്‌സക്ക് കാവല്‍ നില്‍ക്കുന്നതായി തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Israeli PM Nejamin Netanayahu against UN Rights Council Probe Decision in Gaza Attacks