ജെറുസലേം: ജനപ്രിയ ഓൺലൈൻ ഗെയ്മിങ് പ്ലാറ്റ്ഫോമായ റോബ്ലോക്സിൽ ഇസ്രഈലി പ്ലേയർമാരെ ലക്ഷ്യമിട്ടുള്ള ആക്രമണം നടക്കുന്നതായി ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രാലയം.
യൂണിഫോമും ആയുധങ്ങളും ഫലസ്തീന്റേയും സൗദി അറേബ്യയുടെയും പതാകകളും ധരിച്ച അവതാറുകൾ വഴി പ്ലേയർമാർ ഇസ്രഈലി പ്ലേയർമാരെ ആക്രമിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചുവെന്ന് മന്ത്രാലയം അവകാശപ്പെടുന്നു.
ഈ മാസമാദ്യം ഫലസ്തീൻ അനുകൂലമായും ഇസ്രഈൽ അനുകൂലമായും നിരവധി ഇൻ ഗെയിം പ്രതിഷേധങ്ങൾക്ക് പ്ലാറ്റ്ഫോം ആതിഥേയത്വം വഹിച്ചിരുന്നു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫലസ്തീൻ പതാകകളുമായി അവതാറുകൾ നടത്തിയ മാർച്ച് 2,75,000 പ്രാവശ്യം സന്ദർശിക്കപ്പെട്ടിരുന്നു.
ഡിജിറ്റൽ പ്രതിഷേധങ്ങളുടെ ക്ലിപ്പുകൾ എക്‌സിലും ടിക്ടോക്കിലും വ്യാപകമായി പ്രചരിച്ചിരുന്നു.
65 മില്യൺ ഉപയോക്താക്കളുള്ള റോബ്ലോക്സിൽ പകുതിയും 12 വയസും അതിന് താഴെയുമുള്ള കുട്ടികളാണ് ഉള്ളത്.
വിദ്വേഷകരമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടാൽ റോബ്ലോക്സിൽ റിപ്പോർട്ട് ചെയ്യാൻ ദേശീയ സുരക്ഷാ മന്ത്രാലയം മാതാപിതാക്കൾക്ക് നിർദേശം നൽകി. ‘സ്വതന്ത്ര ഫലസ്തീൻ,’ ‘ഹമാസ്’ തുടങ്ങിയ പ്രയോഗങ്ങൾ ഗെയിം ഇതിനകം സെൻസർ ചെയ്തിട്ടുണ്ട്. ‘ജൂതന്മാർ’ എന്ന വാക്കിന്റെ പ്രയോഗത്തിനും വിലക്കുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, നിലവിലെയും മുൻപത്തെയും സ്ഥാനാർത്ഥികൾ, യഥാർത്ഥ ലോകത്തെ അതിർത്തി സംബന്ധമായ പ്രകോപനപരമായ ഉള്ളടക്കം, അധികാര ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഇതിനകം തന്നെ നിരോധിച്ചിരുന്നു.
ശാന്തമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് ഇങ്ങനെ ചില പ്രത്യേക ഉള്ളടക്കത്തിന് സെൻസർഷിപ് ഏർപ്പെടുത്തിയതെന്ന് റോബ്ലോക്സ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് പേജിൽ പറയുന്നു.