അല്‍ജസീറ ഭീകര ചാനലെന്ന് നെതന്യാഹു; രാജ്യത്ത് ചാനല്‍ അടച്ച് പൂട്ടന്നതിനുള്ള നിയമം പാസാക്കി ഇസ്രഈൽ
World News
അല്‍ജസീറ ഭീകര ചാനലെന്ന് നെതന്യാഹു; രാജ്യത്ത് ചാനല്‍ അടച്ച് പൂട്ടന്നതിനുള്ള നിയമം പാസാക്കി ഇസ്രഈൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 5:14 pm

ജെറുസലേം: അല്‍ജസീറ ഭീകര ചാനലാണെന്നും രാജ്യത്ത് ചാനല്‍ അടച്ച് പൂട്ടുമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വിദേശ ചാനലുകള്‍ അടച്ച് പൂട്ടുന്നതിനുള്ള ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തു.

സുരക്ഷ ലംഘിച്ചെന്ന് കണ്ടെത്തുന്ന മാധ്യമങ്ങളെ അടച്ച് പൂട്ടാന്‍ രാജ്യത്തെ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് അനുവാദം നല്‍കുന്നതാണ് നിയമം. പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് അല്‍ജസീറക്കെതിരെ പരസ്യ പ്രതികരണവുമായി നെതന്യാഹു രംഗത്തെത്തിയത്.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ക്കെതിരെ അല്‍ജസീറ നിരന്തരം ശബ്ദം ഉയര്‍ത്തുന്നതിനാല്‍ ചാനലിനെതിരെ നടപടിയെടുക്കണമെന്നത് ഇസ്രഈലില്‍ ഏറെ കാലമായി ചര്‍ച്ചയിലുള്ള കാര്യമായിരുന്നു.

അല്‍ജസീറ ഇസ്രഈലിന്റെ സുരക്ഷ നിയമങ്ങള്‍ ലംഘിച്ചെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഏഴിന് നടന്ന കൂട്ടക്കുരുതിക്ക് കാരണമായെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു. ചാനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുന്നതിനായി പുതിയ നിയമ പ്രകാരം ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ രംഗത്തെത്തി. അപകീര്‍ത്തികരമായ ഇത്തരം ആരോപണങ്ങള്‍ ധീരമായ പ്രൊഫഷണല്‍ കവറേജ് തുടരുന്നതില്‍ നിന്ന് ഒരിക്കലും തങ്ങളെ തടയില്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അല്‍ ജസീറ അധികൃതര്‍ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെയും നെറ്റ്‌വര്‍ക്കിന്റെയും ഉത്തരവാദിത്തം നെതന്യാഹുവിന് ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അല്‍ ജസീറയുടെ സംപ്രേക്ഷണം നിര്‍ത്താന്‍ നെതന്യാഹു ഏറെ നാളായി ശ്രമം നടത്തി വരികയായിരുന്നു.

പാര്‍ലമെന്റില്‍ 71 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്. ഒക്ടോബറില്‍ ഗസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ദേശീയ താത്പര്യങ്ങള്‍ക്ക് ഭീഷണിയെന്ന് കരുതുന്ന വിദേശ മാധ്യമങ്ങളെ താത്ക്കാലികമായി അടച്ചുപൂട്ടാന്‍ ഇസ്രഈല്‍ യുദ്ധകാല നിയന്ത്രണങ്ങള്‍ പാസാക്കിയിരുന്നു.

തിങ്കളാഴ്ച വിഷയത്തില്‍ നിയമം പാസാക്കിയതിന് പിന്നാലെ അടച്ചുപൂട്ടലുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇസ്രഈലിലെ കമ്മ്യൂണിക്കേഷന്‍ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു. ഇസ്രഈലിനെതിരായ സായുധ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന ഹമാസിന്റെ പ്രചരണ വിഭാഗമായാണ് അല്‍ജസീറ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിനിടെ അൽജസീറയുടെ നിരവധി മാധ്യമപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ഇസ്രഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 25ന്, ഗസ ബ്യൂറോ ചീഫ് വെയ്ല്‍ ദഹ്ദൂഹിന്റെ ഭാര്യയും, മകനും, മകളും, ചെറുമകനും മറ്റ് എട്ട് ബന്ധുക്കളും ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: Israeli parliament passes law paving the way for Al Jazeera closure