| Wednesday, 26th June 2024, 9:50 pm

അല്‍ജസീറയെ അടച്ചുപൂട്ടാനുള്ള താത്കാലിക അധികാരങ്ങള്‍ സ്ഥിരമാക്കാനുള്ള ബില്ല് അംഗീകരിച്ച് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: രാജ്യത്തെ വിദേശ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള താത്കാലിക അധികാരങ്ങള്‍ സ്ഥിരമാക്കുന്ന ബില്ലിന് അംഗീകാരം നല്‍കി ഇസ്രഈല്‍ സര്‍ക്കാര്‍. ബില്ലിന്റെ പ്രാഥമിക ഘട്ടത്തെയാണ് സര്‍ക്കാര്‍ നിലവില്‍ അംഗീകരിച്ചിരിക്കുന്നത്. വിദേശ മാധ്യമമായ അല്‍ ജസീറയ്ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇസ്രഈലിന്റെ പുതിയ നീക്കം.

പുതിയ നിയമം രൂപീകരിക്കുന്നതിലൂടെ ഇസ്രഈല്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് അല്‍ ജസീറയുടെ ബ്രാഞ്ചുകളെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ച ബില്ലിനെ ‘അല്‍ ജസീറ നിയമം’ എന്നാണ് ഇസ്രഈല്‍ മുദ്രകുത്തുന്നത്.

ജൂണ്‍ മാസത്തിന്റെ ആദ്യവാരത്തില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 45 ദിവസത്തേക്ക് കൂടി ഇസ്രഈല്‍ നീട്ടിയിരുന്നു. കോടതി കേബിള്‍, സാറ്റലൈറ്റ് കമ്പനികളിലെ അല്‍ ജസീറ നെറ്റ്‌വര്‍ക്കിന്റെ പ്രക്ഷേപണങ്ങളും അതിന്റെ വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ്സും ഇസ്രഈല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം തടസപ്പെടുത്തിയിരുന്നു.

ഇതിനുപുറമെ ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അല്‍ ജസീറയെ നിരോധിക്കാനുള്ള നെതന്യാഹു സര്‍ക്കാരിന്റെ തീരുമാനം ഇസ്രഈല്‍ കോടതി ശരിവെക്കുകയും ചെയ്തു. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും അല്‍ ജസീറയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി ഷായ് യാനിവാണ് സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചത്.

മെയ് അഞ്ചിനാണ് രാജ്യത്ത് അല്‍ ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ മന്ത്രിസഭയില്‍ വോട്ടെടുപ്പ് നടന്നത്. അല്‍ ജസീറ മുമ്പ് ജെറുസലേം, ടെല്‍ അവീവ് എന്നിവിടങ്ങളില്‍ നിന്ന് തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീട് എല്ലാ കവറേജുകളും റാമല്ലയില്‍ നിന്ന് മാത്രം നടത്താന്‍ അല്‍ ജസീറ നിര്‍ബന്ധിതാരവുകയുമുണ്ടായി.

Content Highlight: Israeli parliament has approved the bill that would make permanent currently to shut down foreign media outlets

Latest Stories

We use cookies to give you the best possible experience. Learn more