ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രഈലി പത്രമായ ഹാരെറ്റ്‌സ്. ഗസയില്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സൈന്യം നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് നെതന്യാഹുവിനെതിരായ വിമര്‍ശനം. ഗസയെ വലിയൊരു പ്രകൃതി ദുരന്തം ബാധിച്ചുവെന്നും ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രഈലി സൈന്യമായ ഐ.ഡി.എഫിനൊപ്പം ഗസയില്‍ പര്യടനം നടത്തിയതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ ഹാരെറ്റ്‌സ് എഡിറ്റോറിയല്‍ എഴുതിയത്. സൈനിക ലേഖകനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ഗസയില്‍ നിര്‍ബന്ധിത കുടിയിറക്കല്‍ നടക്കുന്നുണ്ടെന്നും സൈന്യമാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്.
ഗസയെ ബാധിച്ച ദുരന്തം മുന്‍കൂട്ടി ആസൂത്രണം ചെയ്ത മനുഷ്യനശീകരണ പ്രവൃത്തിയാണെന്നും എഡിറ്റോറിയല്‍ പറയുന്നു. ശുദ്ധീകരിക്കപ്പെട്ട ഒരു ഇടം സൃഷ്ടിക്കുക എന്നതാണ് തന്റെ ചുമതലയെന്ന് മുതിര്‍ന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥന്‍ ഹാരെറ്റ്സിനോട് പറഞ്ഞു.
ശുദ്ധീകരണത്തിനായി സൈന്യത്തിന് സ്വാതന്ത്ര്യം വേണമെന്നും അതിനുവേണ്ടിയാണ് ജനങ്ങളെ സ്ഥലത്തുനിന്ന് നീക്കുന്നതെന്നും സൈനികന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രതികരണം നല്‍കിയ സൈനികന്‍ 162 ഡിവിഷന്‍ കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ ഇറ്റ്സിക് കോഹന്‍ ആണെന്ന് ‘ദി ഗാര്‍ഡിയന്‍’ കണ്ടെത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
ഗസയിലും വെസ്റ്റ് ബാങ്കിലും ജബാലിയയിലുമായി ഐ.ഡി.എഫ് അക്രമം തുടരുന്ന സാഹചര്യത്തിലാണ് ഹാരെറ്റ്‌സ് നെതന്യാഹുവിനെതിരെ പ്രതികരിച്ചത്. നേരത്തെ യു.എന്‍ ഏജന്‍സിയായ അനര്‍വയും നെതന്യഹുവിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഗസയിലേത് മനുഷ്യനിര്‍മിതമായ ദുരന്തമാണെന്നും ഫലസ്തീനില്‍ ഇസ്രഈല്‍ പട്ടിണി ആയുധമാക്കുകയാണെന്നുമാണ് അനര്‍വ പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് അനര്‍വയുമായുള്ള മുഴുവന്‍ കരാറുകളില്‍ നിന്ന് പിന്മാറാന്‍ ഇസ്രഈല്‍ തീരുമാനിച്ചത്.
ഗസയില്‍ ഉള്‍പ്പെടെ യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നിയമത്തിനും നെസറ്റ് അംഗീകാരം നല്‍കിയിരുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം 11,600ലധികം ഫലസ്തീനികള്‍ അനധികൃതമായി ഫലസ്തീനില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രഈലിന്റെ ആക്രമണത്തില്‍ 42,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Israeli newspaper against Netanyahu